ഇംഫാൽ: മണിപ്പൂരിൽ മെയ്തി സായുധ വിഭാഗവും പൊലീസും ചേര്‍ന്ന് മസ്ജിദ് ബങ്കറാക്കി. ആയിരക്കണക്കിനു മുസ്‍ലിംകള്‍ താമസിക്കുന്ന ക്വാക്ടയിലാണു സംഭവം. ബലംപ്രയോഗിച്ചാണ് പള്ളി ഒളിത്താവളമാക്കിയത്. മെയ്‌തെയ്-കുക്കി സംഘർഷത്തിന്റെ ഭാഗമല്ലാത്ത മുസ്‌ലിംകളെക്കൂടെ കലാപത്തിലേക്കു വലിച്ചിഴച്ചിരിക്കുകയാണ് ഇതിലൂടെ. ‘മക്തൂബ് മീഡിയ’ ആണ് ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്.
മെയ്‌തെയ് പങ്കൽ മുസ്‌ലിംകൾ താമസിക്കുന്ന ഗ്രാമത്തിലെ പള്ളിയാണ് സായുധവിഭാഗങ്ങൾ താവളമാക്കിയിരിക്കുന്നത്. അസം റൈഫിൾസിന്റെ ഉൾപ്പെടെയുള്ള സൈനിക ബങ്കറുകൾ തൊട്ടപ്പുറത്തുനിൽക്കെയാണ് പൊലീസും മെയ്‌തെ സംഘവും പള്ളിയുടെ നിയന്ത്രണം പിടിച്ചടക്കിയിരിക്കുന്നത്.
ഇത്രയും സ്ഥലമുണ്ടായിട്ടും പള്ളി എന്തിനാണ് സൈനിക ബങ്കറാക്കിയതെന്ന് നാട്ടുകാർ ചോദിക്കുന്നു. പള്ളിയെ യുദ്ധമേഖലയാക്കിയിരിക്കുകയാണെന്ന് നാട്ടുകാരനായ വഹീദുറഹ്മാൻ ‘മക്തൂബി’നോട് പറഞ്ഞു. പള്ളിയിൽനിന്നും തിരിച്ചും വെടിവയ്പ്പ് നടക്കുന്നുണ്ടെന്നും പള്ളി പ്രാർത്ഥിക്കാനുള്ളതാണെന്നും അതിനെ ആരാധനയ്ക്കു വിടണമെന്നും അദ്ദേഹം പറഞ്ഞു.
സംഘർഷം ഗ്രാമത്തിലേക്കു കൂടി വ്യാപിച്ചതോടെ ഇവിടെനിനിന്നു നാട്ടുകാരെ ഒഴിപ്പിക്കാൻ സൈന്യം തയാറാകുന്നില്ലെന്നും നാടുവിടാൻ നോക്കുന്നവരെ സഹായിക്കുന്നില്ലെന്നും ആരോപണമുണ്ട്. ഗോത്രവർഗക്കാരും തങ്ങളുമെല്ലാം ഒന്നിച്ചാണു കഴിയുന്നതെന്നും അവർ ഇപ്പോൾ തങ്ങൾക്കുനേരെ വെടിവയ്ക്കുകയും ബോംബ് എറിയുകയും ചെയ്യുന്നുണ്ടെന്നും തദ്ദേശവാസിയായ നൂർ ജഹാൻ വെളിപ്പെടുത്തി.