‘നാളെയാണ് അവളുടെ പെണ്ണുകാണൽ, ഇന്ന് രാത്രി ഒളിച്ചോട്ടം’, പദ്ധതിയിട്ട് യുവാവ്, പക്ഷേ കൂട്ടുകാരൻ എല്ലാം നശിപ്പിച്ചു…

0
235

“അളിയാ, എന്ത് വന്നാലും അവളെ എനിക്ക് കെട്ടിച്ചു തരൂല എന്നാ അവളുടെ വീട്ടുകാർ പറയുന്നത്.. നാളെ ഏതോ നാറി അവളെ പെണ്ണ് കാണാനും വരുന്നുണ്ട്.. അതൂടി കഴിഞ്ഞാൽ പിന്നെ തീർന്ന്.. ഇന്ന് രാത്രി തന്നെ അവളെ പൊക്കണം..” “പൊക്കാനോ.. എങ്ങോട്ട് പൊക്കാൻ, ആര് പൊക്കാൻ, ഏത് ‘പൊക്കാൻ’?” എറണാകുളത്തെ റൂമിൽ ഇരുന്ന് സൂപ്പർ മാരിയോയുടെ തുള്ളൽ നിർത്തിച്ചു ഞാനും ഷിനുവും അത്ഭുതത്തോടെ ചോദിച്ചു.. “അവൾ ഇന്ന് രാത്രി തന്നെ ഇറങ്ങി വരാന്ന് പറഞ്ഞിട്ടുണ്ട്.. നിങ്ങളെന്നെ സഹായിക്കണം” കോഴി സാജ് അപേക്ഷിച്ചു.. “പോടാ പോർക്കേ.. ഈ മാസത്തിൽ ഇനീം തല്ല് കൊള്ളാൻ വയ്യ.. ടാർഗറ്റ് തികഞ്ഞു..” ഷിനു പിന്നേം മാരിയോയെ തുള്ളിച്ചു തുടങ്ങി.. “ഇന്ന് രാത്രി തന്നെ അവളെ നമ്മൾ ചാടിക്കും” ഡിങ്കൻ കാർത്തി സീനിൽ ഇടപെട്ടു.. ഇനി വല്ലോം നടക്കും.. പ്രകാഷിനേം സിനുവിനേം ചാക്കിലിടാൻ സാജ് വാങ്ങിയ കുപ്പി പ്രകാശ് ഇല്ലാത്തോണ്ട് ഒറ്റക്കടിച്ചു തീർത്ത ഹുങ്ക്, അല്ലാതെന്താ.. ചർച്ചകൾ പൊടി പൊടിക്കുന്നു..

“അവൾ 12 മണിക്ക് വീട്ടിൽ നിന്നും ഇറങ്ങും.. 1 മണിക്ക് മംഗലാപുരത്തേക്ക് ഒരു ട്രെയിൻ ഉണ്ട്..” സാജ് വിവരിച്ചു തുടങ്ങി.. “ഇജ്ജാതി പ്ലാൻ ജീവിതത്തിൽ ഉണ്ടായിരുന്നേൽ നിന്റെ ജീവിതം ഇത്രത്തോളം മൂഞ്ചില്ലായിരുന്നല്ലോ സാജേ..” സാഹചര്യം ആവശ്യപ്പെടുന്നത് കൊണ്ട് മാത്രമാണ് എനിക്ക് ഈ ഡയലോഗ് പറയേണ്ടി വന്നത്.. സാജ് കലിപ്പിൽ നോക്കി.. “നീ പറയ് സാജേ.. അവളെ എങ്ങനെ വിളിച്ചിറക്കി കൊണ്ട് വരും.. 60 കിലോമീറ്റർ നടന്ന് പോയി കൂട്ടി കൊണ്ട് വരുന്നത് വരെ ട്രെയിൻ കാത്തു നിക്കുമോ??” ആറാമത്തെ പെഗ്ഗിൽ നാലാമത്തെ ഐസ് ക്യൂബ് ഇട്ട് കാർത്തിയുടെ ചോദ്യം.. ഒരൊന്നൊന്നര ചോദ്യം..! “അപ്പൊ ആദ്യം നമുക്കൊരു ടാക്സി ഒപ്പിക്കണം” “ടാക്സിക്കാരെ നമ്പാൻ പറ്റൂല.. പരിചയമുള്ള ഓട്ടോക്കാർ ഉണ്ടെങ്കിൽ അതാ നല്ലത്..” എന്ന് സാജ്.. “അതിന് പരിചയമുള്ള ഓട്ടോക്കാർ വല്ലോം ഉണ്ടോ ആർക്കേലും” “എനിക്കുണ്ട്.. പക്ഷെ കണ്ണൂരാ.. വേണേൽ വിളിച്ചു വരുത്താം..” എന്റെ എൻട്രി.. സർവത്ര പുച്ഛം..

“ഒന്നാമത് ഇത്രേം ദൂരത്തുള്ള കണ്ണൂര്, പിന്നെ നിന്റെ ഫ്രണ്ടും.. സ്ലോ ആയിരിക്കും.. ഓളെ പെണ്ണുകാണലും കല്യാണം വരെ കഴിഞ്ഞാലും അവൻ ഇവിടെത്തുല..” വെള്ളത്തിൽ ആണേൽ പോലും ഡിങ്കന്റെ ഒരു കണ്ടുപിടുത്തം.. “അപ്പൊ പിന്നെന്ത് ചെയ്യും?” സാജ് വേവലാതിപ്പെട്ടു.. “എന്റെ ബൈക്കിൽ പോയി പൊക്കിക്കൂടെ” ഷിനു നെഞ്ച് വിരിച്ചു ചോദിച്ചു.. പോർച്ചിൽ കേറ്റിയിട്ടിരിക്കുന്ന അവൻ പറഞ്ഞ ആ സാധനത്തിലേക്ക് ഞാൻ നോക്കി.. ‘എപ്പോ വേണേലും പൊട്ടാം എന്ന് പറഞ്ഞിരിക്കുന്ന 2 വീല് കുറച്ചു തുരുമ്പിൽ കെട്ടിയിരിക്കുന്നതിനും ബൈക്ക് എന്ന് തന്നെയാണല്ലോ പറയുന്നത്.. ലജ്ജാവഹം..’ “പ്രശ്നം അതല്ല.. എനിക്ക് ബൈക്ക് എടുക്കാൻ അറിയില്ലല്ലോ.. അപ്പൊ എന്ത് ചെയ്യും..” സാജിന്റെ ചോദ്യം.. നല്ലൊരു ചോദ്യം.. “നിന്നെ ബൈക്ക് ഓടിക്കാൻ ഞാൻ പഠിപ്പിക്കാം” ഏഴാമത്തെ പെഗ് മോന്തി പിന്നേം കാർത്തി.. “ആ.. ഫസ്റ്റ്‌.. അതിനേക്കാൾ നല്ലത് കണ്ണൂരുള്ള ആ ഓട്ടോ വരുത്തുന്നതാ.. ഓളുടെ കല്യാണോം പേറും കഴിഞ്ഞാലും ബ്രേക്ക് ഏത്, ക്ലച്ച് എന്ത് എന്ന് ഇവന് മനസ്സിലാകൂല..” ഷിനുവിന്റെ പഞ്ച്..

“ഒരു ഫ്രണ്ടിന് വേണ്ടി എന്തും ചെയ്യണം.. ആദ്യം നിന്നെ ഞാൻ റെയിൽവേ സ്റ്റേഷനിലാക്കാം, എന്നിട്ട് അവളേം കൂട്ടി അങ്ങോട്ട് വന്നേക്കാം” എട്ടാമത്തെ ഒഴിച്ച് ഡിങ്കൻ ഡിങ്കനായി.. മദ്യത്തിന്റെ കൊണം..! “നമുക്ക് ട്രിപ്പിൾ അടിച്ചാൽ പോരെ ?” സാജിന്റെ മറുചോദ്യം.. “ട്രിപ്പിളോ.. പൊലീസ് പിടിക്കാൻ ചാൻസ് കൂടുതലാ.. കല്യാണോം അടിയന്തരോം ഒക്കെ പൊലീസ് നടത്തും പിന്നെ.. നീ മണ്ടത്തരം വല്ലാണ്ട് പറയാതെ അവളെ വിളിച്ചു എല്ലാം പറഞ്ഞു സെറ്റ് ആക്ക്..” ഡിങ്കൻ റെഡി ആകാൻ പോയി.. സാജ് ഓളെ വിളിക്കാൻ പോയി.. അൽപം കഴിഞ്ഞു രണ്ട് പേരും ഇറങ്ങാൻ റെഡിയായി.. ഇറങ്ങുമ്പോൾ സാജ് എന്റേം ഷിനുവിന്റേം കാലിൽ വണങ്ങി അനുഗ്രഹം മേടിച്ചു..” ‘എന്തിന്??’ “എന്റെ അച്ഛന്മാരുടെ സ്ഥാനത്തു നിന്ന് എന്നെ നിങ്ങൾ അനുഗ്രഹിക്കണം.” ങേ.. അനുഗ്രഹിച്ചു.. അവർ ഇറങ്ങി, ഞങ്ങൾ ഉറങ്ങി..

സമയം 4 മണി.. ഫോൺ നിർത്താതെ അടിക്കുന്നത് കേട്ട് ഉറക്കിൽ നിന്നും എണീക്കുന്ന ഞാൻ, സാജ് ആണ് വിളിക്കുന്നത്.. ഞാൻ ഫോണെടുത്തു.. “ഡാ, കാർത്തി റൂമിലോട്ട് വന്നോ.. ട്രെയിൻ ചറപറാന്ന് പറഞ്ഞു മംഗലാപുരത്തേക്കും തിരുവനന്തപുരത്തേക്കും പോയി, പക്ഷെ അവരെ കാണുന്നില്ല.. ഫോണും സ്വിച്ച് ഓഫ് ആണ്..” എനിക്ക് കത്തി.. ഞാൻ ഫോൺ വെച്ച് ഷിനുവിനെ വിളിച്ചെണീപ്പിച്ചു.. “അളിയാ.. കേളന് വിളമ്പിയത് കോരൻ എടുത്ത് കുടിച്ചെന്നാ തോന്നുന്നത്..” അവനും സംഗതി കത്തി.. അടുത്ത ഞായറാഴ്ച്ച ഡിങ്കൻ കാർത്തിയുടെ റിസപ്ഷൻ ആയിരുന്നു.. കിട്ടാതെ കിട്ടിയതോണ്ട് സദ്യ മാറ്റി ചിക്കൻ ബിരിയാണി തന്നെ ആക്കിയിരുന്നു.. സാജ് വന്നില്ല, അവനുള്ളത്‌ കൂടി ഞാനും ഷിനുവും കേറ്റി.. പ്രതികാരം, കനത്ത പ്രതികാരം..! സാജ് ഇപ്പോഴും മംഗലാപുരത്തേക്ക് പോകുന്ന തീവണ്ടിയും കാത്തു പലപ്പോഴും എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിൽക്കാറുണ്ട്.. !!

LEAVE A REPLY

Please enter your comment!
Please enter your name here