കുമ്പളയില്‍ പട്ടാപ്പകല്‍ വീട്ടില്‍ കയറി ഗൃഹനാഥനെ തള്ളിയിട്ട് ലാപ്‌ടോപ്പ് കവര്‍ന്നു

0
201

കുമ്പള: പട്ടാപ്പകല്‍ വീട്ടില്‍ കയറിയ മോഷ്ടാവ് മല്‍പ്പിടിത്തത്തിനിടെ ഗൃഹനാഥനെ തള്ളിയിട്ട് ലാപ്‌ടോപ്പുമായി കടന്നുകളഞ്ഞു. കുമ്പള സര്‍ക്കാര്‍ ആസ്പത്രി റോഡിന് സമീപം താമസിക്കുന്ന ഇബ്രാഹിമിന്റെ വീട്ടിലാണ് കവര്‍ച്ച. ഇബ്രാഹിമിന്റെ ഭാര്യ റുഖിയ ബന്ധുമരിച്ചതിനാല്‍ മൊഗ്രാലില്‍ പോയിരുന്നു. അതിനിടെ ഇബ്രാഹിം വീടിന്റെ വാതില്‍ പൂട്ടി താക്കോല്‍ തട്ടിന്‍ പുറത്ത് വെച്ച് കടയില്‍ പോയ നേരത്തായിരുന്നു താക്കോല്‍ എടുത്ത് മോഷ്ടാവ് അകത്തുകയറിയത്. ഇബ്രാഹിം തിരിച്ചെത്തിയപ്പോള്‍ വീട്ടിനകത്ത് കണ്ട മോഷ്ടാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഇബ്രാഹിമിനെ തള്ളിയിട്ട് ലാപ്‌ടോപ്പ് അരയില്‍ തിരുകി മോഷ്ടാവ് കടന്നുകളയുകയായിരുന്നുവത്രെ. വിവരമറിഞ്ഞ് പരിസരവാസികള്‍ മോഷ്ടാവിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സംഭവത്തില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരികയാണ്. ഇബ്രാഹിമിന്റെ വീടിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ ഒഴിഞ്ഞ പറമ്പില്‍ ഒരു കൂട്ടം ആളുകള്‍ മദ്യപിക്കാന്‍ എത്തുന്നതായി പരിസരവാസികള്‍ പറയുന്നു. ഇവിടെ ഒരാള്‍ മദ്യപാനികള്‍ക്ക് ഭക്ഷണവും മദ്യവും വിതരണം നടത്തുന്നതായും വിവരമുണ്ട്. ഇവര്‍ക്കെതിരേയും പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here