സംസ്ഥാനത്ത് 35% മഴ കുറവ്; അടുത്ത രണ്ടു മാസവും മഴ കുറയും, ജലക്ഷാമം രൂക്ഷമാകാം

0
200

തിരുവനന്തപുരം∙ അടുത്ത രണ്ടു മാസം സംസ്ഥാനത്ത് മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാലവർഷം പകുതി പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് ലഭിച്ച മഴയിൽ 35% കുറവാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റിലും സെപ്റ്റംബറിലും മഴ കുറയുമെന്നാണ് പ്രവചനം. കാലവർഷ പാത്തി അടുത്ത ദിവസങ്ങളിൽ ഹിമാലയൻ താഴ്‍വരയിലേക്ക് നീങ്ങുന്നതോടെ രാജ്യത്ത് പൊതുവേ കാലവർഷം ദുർബലമാകാനാണ് സാധ്യത. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മഴ സജീവമാകും.

ജൂൺ 1 മുതൽ ജൂലൈ 31വരെ കേരളത്തിൽ സാധാരണ ലഭിക്കേണ്ട മഴ 1301.7 മില്ലീമീറ്ററാണ്. ഇതുവരെ ലഭിച്ചത് 852 മില്ലീമീറ്റർ മഴ. അടുത്ത രണ്ടു മാസവും സാധാരണയിൽ കുറവ് മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. പ്രവചനം ശരിയായാൽ ജലക്ഷാമം രൂക്ഷമാകാം. എല്ലാ ജില്ലകളിലും സാധാരണയെക്കാൾ കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്.  ഇടുക്കി ( -52%), വയനാട് ( -48%), കോഴിക്കോട് ( -48%). രണ്ടു മാസത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാസർകോട് ( 1602.5 എംഎം) ജില്ലയിലാണെങ്കിലും സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ട മഴയേക്കാൾ (1948.1 എംഎം) 18% കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്. കണ്ണൂർ (1436.6 എംഎം) മഴ ലഭിച്ചു. സാധാരണ ലഭിക്കേണ്ടതിനേക്കാൾ 20% കുറവ്. ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരം (339.2 എംഎം), പാലക്കാട്‌ ( 596.5 എംഎം) ജില്ലകളിലാണ്.

ജൂൺ മാസത്തെ അപേക്ഷിച്ച് ജൂലൈയിൽ കേരളത്തിൽ മെച്ചപ്പെട്ട മഴ ലഭിച്ചു. 653.5 എംഎം മഴ ലഭിക്കേണ്ട ജൂലൈ മാസത്തിൽ ലഭിച്ചത് 592 എംഎം മഴയാണ്. 9% കുറവ്. കാസർകോട്( 27%), കണ്ണൂർ(17%), പത്തനംതിട്ട( 5%), ആലപ്പുഴ( 2%), കൊല്ലം ( 4%)  ജില്ലകളിൽ സാധാരണ ജൂലൈ മാസത്തിൽ ലഭിക്കേണ്ട മഴയേക്കാൾ കൂടുതൽ ലഭിച്ചു. ബംഗാൾ ഉൾക്കടലിലെ  ചക്രവാതചുഴി, കേരള തീരം വരെയുള്ള തീരദേശ ന്യൂനമർദ്ദ പാത്തി, ആഗോള മഴപ്പാത്തി എന്നിവയുടെ സ്വാധീനത്തിൽ അറബിക്കടലിൽ കേരള തീരത്ത് കാലവർഷകാറ്റ് ശക്തി പ്രാപിച്ചതിനാൽ കേരളത്തിൽ ജൂലൈ 3 മുതൽ 8 വരെ കാലവർഷം സജീവമായി. വടക്കൻ കേരളത്തിൽ കൂടുതൽ ശക്തമായ മഴ ലഭിച്ചു. ജൂലൈ 22- 25 വരെയും കേരളത്തിൽ കാലവർഷം ശക്തമായി. ജൂണിൽ ശരാശരി 648.3 എംഎം മഴ ലഭിക്കേണ്ട സ്ഥാനത്തു ലഭിച്ചത് 260.3 എംഎം മഴ മാത്രം. 60% കുറവ്. ജൂൺ 6ന് അറബികടലിൽ രൂപപ്പെട്ട ബിപോർജോയ് ചുഴലിക്കാറ്റാണ് കേരളത്തിൽ കാലവർഷത്തെ ദുർബലമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here