അർധബോധാവസ്ഥയിലെ സമ്മതം ലൈംഗിക ബന്ധത്തിന് അനുമതിയല്ല: ഹൈക്കോടതി

0
144

കൊച്ചി: കാമുകൻ നൽകിയ ലഹരി പാനീയം കുടിച്ചതിനെ തുടർന്ന് അർധബോധാവസ്ഥയിലായ പെൺകുട്ടി ലൈംഗിക ബന്ധത്തിന് സമ്മതിച്ചത് അനുമതിയായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനിയെ കോളേജിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതിയായ സീനിയർ വിദ്യാർത്ഥിക്ക് എറണാകുളത്തെ എസ്‌സി/എസ്ടി സ്പെഷ്യൽ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത് ശരിവച്ചു കൊണ്ടാണ് ജസ്റ്റിസ് എ ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്.

2022 നവംബർ 18ന് ലൈബ്രറിയിലേക്ക് തന്നെ വിളിച്ചു വരുത്തിയ പ്രതി സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുകയും പുകവലിക്കുകയുമായിരുന്നു. പുകവലിക്കാൻ വിസമ്മതിച്ച തനിക്ക് യുവാവ് കേക്കും വെള്ളവും തന്നു. ഇതു കഴിച്ചതോടെ തന്റെ കാഴ്ച മങ്ങിയെന്നാണ് പെൺകുട്ടിയുടെ മൊഴി.

അർധബോധാവസ്ഥയിൽ പെൺകുട്ടിയെ കോളേജിന്റെ മുകൾ നിലയിലെത്തിച്ചു പീഡിപ്പിച്ചുവെന്നാണ് കേസ്. ഭീഷണിപ്പെടുത്തി ഡിസംബർ ഏഴുവരെ പലതവണ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. ഡിസംബർ 30ന് മുറിയിലേക്ക് ക്ഷിണിച്ചിട്ട് പോകാത്തതിനാല്‍ യുവാവ് ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു. എന്നാൽ, കോളേജ് പഠനകാലത്ത് തങ്ങൾ പ്രണയത്തിലായിരുന്നു എന്നും പിന്നീട് ബന്ധം വഷളായപ്പോൾ കള്ളക്കേസ് ചമച്ചതാണെന്നും പ്രതി മുൻകൂർ ജാമ്യ ഹർജിയിൽ വാദിച്ചു.

പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രാമമംഗലം പൊലീസാണ് കേസെടുത്തത്. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങൾ അടക്കം പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നാണ് പ്രതി വാദിച്ചത്. എന്നാൽ, പ്രതി നൽകിയ പാനീയം കുടിച്ച പെൺകുട്ടി അർധബോധാവസ്ഥയിലായതിനാൽ ബോധപൂർവം അനുമതി നൽകിയതായി കരുതാനാവില്ലെന്ന് കോടതി പറഞ്ഞു. പ്രഥമദൃഷ്ട്യാ പ്രോസിക്യൂഷൻ കേസിൽ കഴമ്പുണ്ടെന്ന് വിലയിരുത്തിയ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കീഴ്ക്കോടതി നടപടിയിൽ തെറ്റില്ലെന്നും വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here