‘പൊലീസ് പല കളികളും കളിക്കുന്നുണ്ട്’; സിബിഐ അന്വേഷണമാവശ്യപ്പെടുമെന്ന് ഫര്‍ഹാസിന്റെ കുടുംബം

0
182

കാസര്‍കോട്: കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണത്തെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് ഫര്‍ഹാസിന്റെ കുടുംബം. ആരോപണ വിധേയര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് അറിയുന്നു. ഒരു ദിവസം സ്ഥലം മാറ്റം ഉണ്ടെന്ന് പറയുന്നു, പിറ്റേ ദിവസം ഇല്ലെന്ന് പറയുന്നു. സ്ഥലം മാറ്റമല്ല തങ്ങളുടെ ആവശ്യം. പൊലീസ് പല കളികളും കളിക്കുന്നുണ്ട്. അത് നടക്കട്ടെ. തങ്ങളുടെ കൈയ്യിൽ കൂടുതൽ തെളിവുകളുണ്ട്. സിബിഐ അന്വേഷണത്തിനായി കോടതിയെ സമീപിക്കുമെന്ന് ഫര്‍ഹാസിന്റെ സഹോദരന്‍ റഫീഖ് പറഞ്ഞു.

വിദ്യാര്‍ത്ഥിയുടെ മരണത്തിൽ ആരോപണ വിധേയരായ മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയെന്ന വാര്‍ത്ത തെറ്റാണെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫർഹാസിന്റെ കുടുംബത്തിന്റെ പ്രതികരണം. ആരോപണ വിധേയര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമായിരിക്കും നടപടിയെന്നും പൊലീസ് അറിയിച്ചിരുന്നു.

സംഭവത്തില്‍ ആരോപണ വിധേയരായ എസ്‌ഐ രജിത്ത്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രഞ്ജിത്ത്, ദീപു എന്നിവരെ സ്ഥലം മാറ്റിയെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിനിടെ എസ്‌ഐ രജിതിന്റെ കുടുംബത്തിന് ഭീഷണിയെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ബൈക്കിലെത്തിയ രണ്ടംഗ സംഘം വീടിന് മുന്നില്‍ നിന്ന് ഭീഷണി മുഴക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തില്‍ രജിത്തിന്റെ പിതാവിന്റെ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്തു.

മംഗളൂരുവില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയായിരുന്നു വിദ്യാര്‍ത്ഥിയുടെ മരണം. കഴിഞ്ഞ വെള്ളിയാഴ്ച്ച സ്‌കൂളിലെ ഓണാഘോഷം കഴിഞ്ഞ് മടങ്ങുന്ന വിദ്യാര്‍ഥികളെ പൊലീസ് തടയുകയും വിദ്യാര്‍ഥികള്‍ വെപ്രാളത്തില്‍ വാഹനമെടുത്ത് പോവുകയുമായിരുന്നു. ഇതേതുടര്‍ന്ന് പൊലീസ് വിദ്യാര്‍ത്ഥികളെ പിന്തുടര്‍ന്നു. പൊലീസ് വാഹനം കാറിനെ പിന്തുടര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം. കുമ്പള കളത്തൂര്‍ പള്ളത്ത് വെച്ചാണ് കാര്‍ മറിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here