ബംഗളൂരു: 2019 ഏപ്രിൽ ഒന്നിനു മുമ്പ് രജിസ്റ്റർ ചെയ്ത എല്ലാ വാഹനങ്ങളിലും അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ പിടിപ്പിക്കണമെന്ന് കർണാടക സർക്കാർ. 2023 നവംബർ 17നകം നമ്പർ പ്ലേറ്റുകൾ സജ്ജീകരിക്കണമെന്നും കർണാടക സംസ്ഥാന ഗതാഗത വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.നിയമം ലംഘിക്കുന്ന വാഹന ഉടമകൾക്ക് 500 രൂപ മുതൽ 1,000 രൂപ വരെ പിഴ ഈടാക്കുമെന്നും ഉത്തരവിൽ പറയുന്നു.
കർണാടക ഗതാഗത വകുപ്പിന്റെ കണക്ക് പ്രകാരം 2019 ഏപ്രിൽ ഒന്നിനുമുമ്പ് ഏകദേശം 1.75 കോടി മുതൽ 2 കോടി വരെ വാഹനങ്ങൾ കർണാടകയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അംഗീകൃത നമ്പർപ്ലേറ്റ് നിർമ്മാതാക്കൾ വാഹന ഡീലർമാരുമായി സഹകരിച്ച് നിയമം നടപ്പാക്കണമെന്ന് കർണാടക ആർ.ടി.ഒ ഉദ്യോഗസ്ഥർ പറഞ്ഞു. ‘വാഹന നിർമ്മാതാക്കൾ മത്സരാധിഷ്ഠിത വിലനിർണ്ണയത്തിലൂടെയാണ് അംഗീകൃത വിതരണക്കാരെ തിരഞ്ഞെടുക്കുന്നത്. നാലുചക്ര വാഹനങ്ങൾക്ക് 400 മുതൽ 500 രൂപ വരെയും ഇരുചക്രവാഹനങ്ങൾക്ക് 250 മുതൽ 300 രൂപ വരെയും ഈടാക്കി നമ്പർ പ്ലേറ്റുകൾ മാറ്റിനൽകണം’-ഉദ്യോഗസ്ഥൻ പറയുന്നു.
നമ്പർ പ്ലേറ്റുകളിൽ കൃത്രിമം കാണിക്കുന്നതും വ്യാജമായി നിർമ്മിക്കുന്നതും തടയുകയും വാഹനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ കുറയ്ക്കുകയും വാഹനങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുന്നതിനുമാണ് മാറ്റം കൊണ്ടുവരുന്നതെന്നും വിജ്ഞാപനം പറയുന്നു.