മൂന്നു വധശ്രമം, തട്ടിക്കൊണ്ടുപോകല്‍, കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടല്‍; ലുട്ടാപ്പി ഇര്‍ഷാദിനെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു

0
383

കുമ്പള: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു. പച്ചമ്പള സ്വദേശി അബ്ദുള്‍ ഇര്‍ഷാദ് എന്ന ലുട്ടാപ്പി ഇര്‍ഷാദിനെ (31)യാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ മൂന്ന് വധശ്രമം, തീവെപ്പ്, തട്ടിക്കൊണ്ടുപോകല്‍, കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടല്‍, ഗുണ്ടാ വിളയാട്ടം ഉള്‍പ്പെടെ ഏഴു കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒരാഴ്ച മുമ്പ് ഒരു വധശ്രമകേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്നതിനിടെയാണ് പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ബന്ദിയോട് ബൈദലയിലെ മുജീബ് റഹ്‌മാനെ വീട് കയറി അക്രമിക്കുകയും വീട്ടു പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്ത കേസിലാണ് പ്രതി റിമാന്റില്‍ കഴിയുന്നത്. ഒന്നരമാസം മുമ്പ് കാര്‍ ചോദിച്ചിട്ട് ലഭിക്കാത്തതിനാല്‍ വീട്ടമ്മയെയും ബന്ധുക്കളെയും ആക്രമിച്ച കേസിലെ പ്രതി കൂടിയാണ്. രാത്രി കാലങ്ങളില്‍ സംഘം പച്ചമ്പളയിലും പരിസരത്തും തമ്പടിച്ച് വഴിയാത്രക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം തട്ടുകയും ബഹളമുണ്ടാക്കി വീട്ടുകാരെ ശല്യപ്പെടുത്തുക ഇയാളുടെ പതിവ് സ്വഭാവമായിരുന്നു. എന്തുകുറ്റകൃത്യത്തിനും മടിയില്ലാത്ത ഇര്‍ഷാദിനെ പോലീസിനും നാട്ടുകാര്‍ക്കും പേടി സ്വപ്‌നമായിരുന്നു. പ്രതിയെ കണ്ണൂര്‍ സെന്‍ട്രയില്‍ ജയിലിലടച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here