‘നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിച്ചാൽ ജയം ഉറപ്പ്; അടുത്ത പ്രധാനമന്ത്രി ‘ഇന്ത്യ’യിൽനിന്ന്’

0
184

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ വാരാണസി മണ്ഡലത്തിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിച്ചാൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വിജയം സുനിശ്ചിതമാണെന്ന് ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) എംപി പ്രിയങ്ക ചതുർവേദി. ആരാണ് വാരാണസി മണ്ഡലത്തിൽ യോജിച്ച സ്ഥാനാർഥി എന്ന് പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇന്ത്യ മുന്നണി ചർച്ച ചെയ്യുകയാണെന്നും പ്രിയങ്ക ചതുർവേദി പറഞ്ഞു.

‘‘ഇന്ത്യ മുന്നണി മുന്നിൽ തന്നെയുണ്ട്. ആരാണ് ഈ സീറ്റിൽ യോജിച്ച സ്ഥാനാർഥി എന്ന് ഇന്ത്യ മുന്നണി ചർച്ച ചെയ്യുകയാണ്. പ്രിയങ്ക ഗാന്ധിയാണ് വാരാണസി മണ്ഡലത്തിൽ മത്സരിക്കുന്നതെങ്കിൽ ഉറപ്പായും വിജയിക്കും.’’– പ്രിയങ്ക ചതുർവേദി പറഞ്ഞു. രാജ്യത്തെ പൊതുവികാരം കണക്കിലെടുത്താൽ പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്ര മോദിയുടെ അവസാനത്തെ പ്രസംഗമാണ് സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടന്നതെന്നും അവർ പറഞ്ഞു.

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി വിജയിക്കും. അടുത്തവർഷം ഇന്ത്യമുന്നണിയിൽ നിന്നുള്ള വ്യക്തിയായിരിക്കും പ്രധാനമന്ത്രി എന്നും പ്രിയങ്ക ചതുർവേദി പ്രത്യാശ പ്രകടിപ്പിച്ചു. ‘‘വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷകരുടെ പ്രശ്നങ്ങൾ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ എല്ലാം വർധിച്ചുവരികയാണ്. ജനങ്ങൾ ഇത് കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. ചെങ്കോട്ടയിൽ നിന്ന് ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരിന്റെ അവസാനത്തെ പ്രസംഗമായിരുന്നു നടന്നത്. അടുത്തവർഷം ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകും.’’– പ്രിയങ്ക ചതുർവേദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here