ബെയ്ജിങ് ∙ വിദ്യാർഥികൾ ഉൾപ്പെടെയുള്ള കുട്ടികളുടെ ഇന്റർനെറ്റ് അടിമത്തം കുറയ്ക്കാൻ കടുത്ത നിയമവുമായി ചൈന. രാത്രിയിലെ സ്മാർട്ട്ഫോൺ–ഇന്റർനെറ്റ് ഉപയോഗം കുറയ്ക്കാനാണു നിയമം കൊണ്ടുവരുന്നത്. പൊതുജനാഭിപ്രായം അറിഞ്ഞശേഷം സെപ്റ്റംബർ രണ്ടിനു പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണു റിപ്പോർട്ട്.
18 വയസ്സിൽ താഴെയുള്ള എല്ലാവർക്കും രാത്രി 10 മുതൽ രാവിലെ 6 വരെ മൊബൈൽഫോൺ വഴി ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനു കർശന നിയന്ത്രണമുണ്ടാകും. സ്മാർട്ട്ഫോൺ ഉപയോഗം കുറയ്ക്കുന്നതും നിയമത്തിന്റെ ലക്ഷ്യമാണ്. 8 വയസ്സു വരെയുള്ളവർക്കു ദിവസം പരമാവധി 40 മിനിറ്റ് മാത്രമാണ് ഫോൺ ഉപയോഗിക്കാൻ അനുവാദം. പ്രായത്തിനനുസരിച്ച് ചെറിയ ഏറ്റക്കുറച്ചിലുണ്ടാകും. 16–17 വയസ്സുള്ളവർക്കു രണ്ടു മണിക്കൂർവരെ ഫോൺ ഉപയോഗിക്കാം.