ഹരിയാനയിൽ സംഘര്‍ഷത്തിനിടെ പള്ളിക്കു തീയിട്ടു; ഇമാം വെന്തുമരിച്ചതായി റിപ്പോർട്ട്

0
312

ചണ്ഡിഗഢ്: ഹരിയാനയിൽ സംഘർഷത്തിനിടെ അക്രമിസംഘം പള്ളിക്കുനേരെ വെടിവയ്ക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. സംഭവത്തിൽ പള്ളിയിലെ ഇമാം വെന്തുമരിച്ചതായും റിപ്പോർട്ടുണ്ട്. ഹരിയാനയിലെ നൂഹ് ജില്ലയിൽ ജൂലൈ 31ന് ആരംഭിച്ച സംഘർഷത്തിൽ നാലുപേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.

നൂഹിൽ വിശ്വഹിന്ദു പരിഷത്ത്(വി.എച്ച്.പി) സംഘടിപ്പിച്ച ഘോഷയാത്രയ്ക്കിടയിലാണ് അക്രമസംഭവങ്ങൾക്കു തുടക്കംകുറിച്ചത്. പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ ജീവനോടെ തീക്കൊളുത്തിക്കൊന്ന സംഭവത്തിൽ പിടികിട്ടാപ്പുള്ളിയായ മോനു മനേസർ എന്ന മോഹിത് യാദവ് ഘോഷയാത്രയിൽ പങ്കെടുത്തിരുന്നു. ഇതു ചോദ്യംചെയ്ത് ഒരു സംഘം രംഗത്തെത്തിയതിനു പിന്നാലെയാണ് വ്യാപകമായ അക്രമസംഭവങ്ങൾ ആരംഭിച്ചത്.

ഹരിയാനയുടെ മറ്റു ഭാഗങ്ങളിലേക്കും അക്രമം വ്യാപിക്കുകയാണ്. ഗുഡ്ഗാവിലെ സെക്ടർ 57ലുള്ള അൻജുമൻ മസ്ജിദിനുനേരെ അക്രമിസംഘം വെടിവച്ചതായി ‘സിയാസത്’ റിപ്പോർട്ട് ചെയ്തു. ശേഷം പള്ളിക്കു തീയിടുകയും ചെയ്തു. സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ പള്ളിയിലെ ഇമാം മൗലാനാ സഅദ് മരിച്ചതായി റിപ്പോർട്ടില്‍ പറയുന്നു. പൊള്ളലേറ്റ ഖുർഷിദ് എന്നയാളെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണം തുടരുകയാണ്. ഇന്നലെ അർധരാത്രിയോടെ പാൽവലിൽ ഒരു മുസ്‌ലിം വ്യാപാരിയുടെ ടയർകടയ്ക്ക് അക്രമികൾ തീയിട്ടു. പൊലീസ് നോക്കിനിൽക്കെയായിരുന്നു സംഭവമെന്ന് ആരോപണമുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഗുഡ്ഗാവിൽ കടകളിൽ ഉറങ്ങുന്ന വ്യാപാരികളെ വിളിച്ചുണർത്തി ചോദ്യംചെയ്യുകയും മുസ്‌ലിംകളാണെങ്കിൽ ആക്രമിക്കുകയും ചെയ്യുന്നതായി മാധ്യമപ്രവർത്തകനായ മീർ ഫൈസൽ ട്വീറ്റ് ചെയ്തു.

അക്രമം തടയാനായി നൂഹിലെ ഇന്റർനെറ്റ് സേവനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാജ വാർത്തകൾ പ്രചരിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ചൊവ്വാഴ്ച വരെ ജില്ലയിലെ ഇന്റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ഫരീദാബാദ്, ഗുഡ്ഗാവ് എന്നീ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തേക്കു കേന്ദ്രസേനയെ അയക്കണമെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നിരിക്കുകയാണെന്നും ജനങ്ങൾ സംയമനം പാലിക്കണമെന്നും കോൺഗ്രസ് അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here