കാസര്‍കോട്: പൊലീസ് പിന്തുടര്‍ന്ന കാര്‍ അപകടത്തില്‍പെട്ട് അംഗഡിമുഗറിലെ പ്ലസ്‌ടു വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ നീതിയുക്തമായ അന്വേഷണം ഉറപ്പുവരുത്തുമെന്ന് എസ്.പി വൈഭവ് സക്സേന അറിയിച്ചു. മരിച്ച ഫര്‍ഹാസിന്റെ കുടുംബത്തിന്റെ പരാതി ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെന്നും പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് തെളിഞ്ഞാല്‍ നടപടിയുണ്ടാകുമെന്നും എസ്പി വ്യക്തമാക്കി. അന്വേഷണ റിപ്പോര്‍ട്ട് വരുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, അപകടത്തിന് കാരണക്കാരായ പൊലീസുകാരെ സംരക്ഷിക്കുകയാണെന്നും അന്വേഷണം ശരിയായ രീതിയില്‍ അല്ലെന്നും ഫര്‍ഹാസിന്റെ കുടുംബം ആരോപിച്ചു. കുറ്റാരോപിതരെ സ്ഥലം മാറ്റിയാല്‍ പോര കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. അതേസമയം വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് മുസ്ലിം ലീഗിന്റെ തീരുമാനം. കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
അംഗടിമുഗർ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളാണ് ഓഗസ്റ്റ് 25ന് അപകടത്തില്‍പ്പെട്ടത്. പൊലീസിനെ കണ്ട് ഭയന്ന കുട്ടികള്‍ നിര്‍ത്താതെ വാഹനമോടിച്ച് പോകുന്നതിനിെട കാര്‍ തലകീഴായി മറിയുകയായിരുന്നു. അഞ്ച് വിദ്യാര്‍ഥികളാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ ഫര്‍ഹാസിന് ഗുരുതര പരുക്കേറ്റതോടെ ആദ്യം കുമ്പളയിലെ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തേക്കും മാറ്റി. ചികില്‍സയിലിരിക്കെ ഫര്‍ഹാസ് ഇന്നലെ മരിച്ചു.