കനത്തമഴ, മേഘവിസ്ഫോടനം, മണ്ണിടിച്ചിൽ; ഹിമാചലിൽ മരണം 29 ആയി, നിരവധിപേർ കുടുങ്ങികിടക്കുന്നു

0
121

ഹിമാചൽപ്രദേശിൽ കനത്തമഴയിലും മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 29 ആയി. ഷിംലയിലെ സമ്മർ ഹിൽ പ്രദേശത്തെ ശിവക്ഷേത്രം തകർന്നാണ് ഒൻപതുപേർ മരിച്ചത്. കഴിഞ്ഞ 55 മണിക്കൂറായി സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഓഗസ്റ്റ് 19 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

സമ്മർ ഹിൽസിലെ ശിവക്ഷേത്രത്തിൽ ചടങ്ങുകൾ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രാവിലെ 7.15 ഓടെയായിരുന്നു അപകടം. തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടാകാമെന്നാണ് സൂചന. അപകടസമയത്ത് മുപ്പതോളം പേർ ക്ഷേത്രത്തിലുണ്ടായിരുന്നു.

ഷിംലയിലെ ഫാഗ്ലി മേഖലയിൽ അഞ്ച് വീടുകളാണ് കനത്ത മഴയിൽ തകർന്നുവീണത്. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് നാല് മൃതദേഹങ്ങൾ പുറത്തെടുത്തിട്ടുണ്ട്, കൂടുതൽ പേർ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും രക്ഷാപ്രവർത്തകർ പറയുന്നു.

സോളനിൽ ഒരു കുടുംബത്തിൽ ഏഴ് പേർ മേഘവിസ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രിയുണ്ടായ അപകടത്തിൽ രണ്ടുവീടുകൾ ഒലിച്ചുപോയി. മണ്ണിടിച്ചിലുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറണമെന്നും സഞ്ചാരികൾ ഹിമാചലിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു ആവശ്യപ്പെട്ടു. കൂടാതെ വീടുവിട്ട് പുറത്തിങ്ങരുതെന്നും അദ്ദേഹം ആളുകളോട് അഭ്യർത്ഥിച്ചു.

മഴയും മണ്ണിടിച്ചിലിനെയും തുടർന്ന് സംസ്ഥാനത്തെ നിരവധി റോഡുകളും അടച്ചു. മാണ്ഡിയിൽ 236, ഷിംലയിൽ 59, ബിലാസ്പൂർ ജില്ലയിൽ 40 എന്നിങ്ങനെ ആകെ 621 റോഡുകൾ അടച്ചിട്ടുണ്ടെന്ന് സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു. തുടർച്ചയായ മണ്ണിടിച്ചിലിനെ തുടർന്ന് ഷിംലയെയും ചണ്ഡീഗഢിനെയും ബന്ധിപ്പിക്കുന്ന ഷിംല-കൽക്ക ദേശീയ പാതയുടെ ഒരു പ്രധാന ഭാഗം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നിരവധി തവണ അടച്ചിടേണ്ടതായി വന്നു.

മഴയിലും മണ്ണിടിച്ചിലിലും ഹമീർപൂരിലെ വിളകൾക്കും സ്വകാര്യ കെട്ടിടങ്ങൾക്കും വ്യാപക നാശം സംഭവിച്ചിട്ടുണ്ട്. ഇത് ബിയാസ് നദിയിലും അതിന്റെ കൈവഴികളിലും വെള്ളപ്പൊക്കത്തിന് കാരണമായി. ജനങ്ങൾ പുറത്തിറങ്ങരുതെന്നും ബിയാസ് നദീതീരത്ത് പോകുന്നത് ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഹിമാചൽ പ്രദേശിൽ ജൂൺ 24ന് മൺസൂൺ ആരംഭിച്ചതിന് ശേഷം, ഇതുവരെ 7,020 കോടി രൂപയുടെ നാശനഷ്ടമാണുണ്ടായത്. മഴക്കെടുതികളിൽ 257 പേർ മരിച്ചതായും എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here