ബിരുദം സ്വീകരിക്കാൻ ഡാൻസ് ചെയ്ത് വേദിയിലെത്തി; സര്‍ട്ടിഫിക്കറ്റ് തരില്ലെന്ന് പ്രൊഫസർ…പിന്നീട് സംഭവിച്ചത്

0
254

മുംബൈ: മൂന്ന് വർഷത്തെ കോളജ് പഠനത്തിന് ശേഷം ബിരുദം കൈയിൽ കിട്ടുന്ന ആ നിമിഷം വിദ്യാർഥികൾക്ക് പ്രിയപ്പെട്ടതാണ്. മുൻ കാലങ്ങളെ അപേക്ഷിച്ച് ബിരുദദാന ചടങ്ങുകൾ വളരെ ആഘോഷമായി ഇപ്പോൾ പല കോളജുകളും നടത്താറുണ്ട്. ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ മുഹൂർത്തമല്ലേ, അതൊന്ന് ആഘോഷമാക്കാമെന്ന് കരുതിയ വിദ്യാർഥിക്ക് കിട്ടിയ പണിയാണ് ഇപ്പോൾ സോഷ്യൽമീഡിയിൽ വൈറലാകുന്നത്.

മുംബൈയിലെ അനിൽ സുരേന്ദ്ര മോദി സ്‌കൂൾ ഓഫ് കൊമേഴ്‌സിലെ ബിരുദദാന ചടങ്ങിലാണ് സംഭവം. ബിരുദം സ്വീകരിക്കാൻ പോകുമ്പോൾ പാരമ്പര്യ രീതിയൊന്ന് വിട്ടു പിടിച്ചു. സൽമാൻ ഖാന്റെ ‘സലാം-ഇ-ഇഷ്‌ക്’ എന്ന ചിത്രത്തിലെ ‘തേനു ലേകെ’ പാട്ടിനൊപ്പം നൃത്തം ചെയ്തായിരുന്നു ആര്യ കോത്താരിയെന്ന വിദ്യാർഥി സ്റ്റേജിലേക്ക് കയറിപ്പോയത്.

വിദ്യാർഥികളെല്ലാം അവന്റെ ഡാൻസിനെ പ്രോത്സാഹിപ്പിച്ചെങ്കിലും സ്റ്റേജിലിരിക്കുന്ന കോളജ് അധികൃതർക്ക് ഇതത്ര രസിച്ചില്ല. ആദ്യമായാണ് ഒരു വിദ്യാർഥി നൃത്തം ചെയ്തുകൊണ്ട് സ്റ്റേജിലേക്ക് ബിരുദം സ്വീകരിക്കാൻ എത്തുന്നത്. ഇതോടെ പ്രൊഫസർമാർ ഇടപെട്ടു. ഇതൊരു ഔപചാരിക ചടങ്ങാണെന്നും ഇതിൽ ഇത്തരം കോപ്രായങ്ങൾ പാടില്ലെന്നും അവർ അറിയിച്ചു. അതുകൊണ്ട് തന്നെ ബിരുദം നൽകുന്നില്ലെന്നും വേദിയിലുണ്ടായിരുന്ന പ്രൊഫസർ പറഞ്ഞു.

ഇതോടെ വിദ്യാർഥിയും ആകെ അങ്കലാപ്പിലായി. ഒടുവിൽ താൻ ചെയ്തത് തെറ്റാണെന്നും ഇനി ആവർത്തിക്കില്ലെന്നും ക്ഷമാപണം നടത്തുകയും ചെയ്തു. ഇതിന് ശേഷമാണ് ആര്യക്ക് ബിരുദം കൈമാറിയത്. ഭാവിയിൽ ഇത്തരമൊരു വീഴ്ചയുണ്ടായാൽ കർശനമായ നടപടിയെടുക്കുമെന്നും അധികൃതൽ മുന്നറിയിപ്പ് നൽകി. ആര്യ കോത്താരി തന്നെയാണ് ഈ സംഭവത്തിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മൂന്ന് ദിവസം മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ 11.4 മില്യൺ പേരാണ് കണ്ടത്. വിദ്യാർഥിയുടെ ഡാൻസിനെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. വിദ്യാർഥികളുടെ വൈബ് മനസിലാക്കാൻ അധ്യാപകർക്ക് സാധിച്ചില്ലെന്നാണ് ചിലരുടെ കമന്റ്. എന്നാൽ ചിലരാകട്ടെ ബിരുദദാന ചടങ്ങിന്റെ പവിത്രതയെ അനാദരിച്ചതിന് വിദ്യാർഥിയെ വിമർശിച്ചവരും ഏറെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here