തിരുവനന്തപുരം: സംസ്ഥാനത്ത് വാര്‍ഡ് വിഭജനത്തിലൂടെ ഗ്രാമപ്പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവ എണ്ണം കൂടും. വലിയ ഗ്രാമപ്പഞ്ചായത്തുകള്‍ വിഭജിച്ച് ആകെ എണ്ണം പത്തുശതമാനം കൂട്ടാന്‍ വാര്‍ഡ് വിഭജനം സംബന്ധിച്ച് പഠനം നടത്തിയ ഉദ്യോഗസ്ഥസമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കും. ഇതോടെ ആകെ ഗ്രാമപ്പഞ്ചായത്തുകളുടെ എണ്ണം 941-ല്‍നിന്ന് ആയിരം കവിയും. ബ്ലോക്ക് പഞ്ചായത്തുകള്‍ വിഭജിക്കേണ്ടതില്ലെന്നാണ് ശുപാര്‍ശ. ജില്ലാപഞ്ചായത്ത് വാര്‍ഡുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകും.
പുതിയ മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും രൂപവത്കരിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. ആലപ്പുഴ, കോട്ടയം, പാലക്കാട് തുടങ്ങിയ മുനിസിപ്പാലിറ്റികള്‍ കോര്‍പ്പറേഷനാക്കാന്‍ യോഗ്യതയുണ്ടെന്നാണ് കണ്ടെത്തല്‍. അവയിലെ വാര്‍ഡുകളുടെ എണ്ണത്തിലും മാറ്റമുണ്ടാകും.
വരുമാനമില്ലാത്തവ വിഭജിക്കില്ല
ജനസംഖ്യ, വരുമാനം, വിസ്തൃതി എന്നിവ അടിസ്ഥാനമാക്കിയാകും വിഭജനം. വരുമാനമില്ലാത്ത തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ വിഭജനത്തിന് പരിഗണിക്കില്ല. ഇപ്പോള്‍ത്തന്നെ 68 ഗ്രാമപ്പഞ്ചായത്തുകളും ഏതാനും മുനിസിപ്പാലിറ്റികളും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പ്രയാസപ്പെടുന്നുണ്ട്. അത്തരം പഞ്ചായത്തുകളില്‍ നിലവിലുള്ളസ്ഥിതി തുടരും.
2025-ലെ തിരഞ്ഞെടുപ്പിനുമുമ്പ് വാര്‍ഡ് വിഭജനം സംബന്ധിച്ച് ശുപാര്‍ശ നല്‍കാന്‍ തദ്ദേശ സ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ അധ്യക്ഷനും പഞ്ചായത്ത് ഡയറക്ടര്‍ കണ്‍വീനറുമായ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. അടുത്തയാഴ്ച റിപ്പോര്‍ട്ട് നല്‍കും. 2010-നുശേഷം സമ്പൂര്‍ണമായ വിഭജനം നടന്നിട്ടില്ല. പുതിയ സ്ഥാപനങ്ങള്‍ രൂപവത്കരിക്കണമോ എന്നതില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്. വിഭജനത്തിന് അനുകൂലമാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അധ്യക്ഷനായി ഡിലിമിറ്റേഷന്‍ കമ്മിഷന്‍ രൂപവത്കരിച്ച് തുടര്‍നടപടിയാരംഭിക്കും. തീരുമാനമായില്ലെങ്കിലും വാര്‍ഡുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയത്തിനോട് സര്‍ക്കാര്‍ യോജിക്കുന്നു. വാര്‍ഡ് വിഭജനം വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തേതന്നെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിനുമുമ്പ് വാര്‍ഡുകളുടെ എണ്ണത്തില്‍ ഭേദഗതി വരുത്തി ഓര്‍ഡിനന്‍സ് ഇറക്കുകയും ചെയ്തതാണ്. എന്നാല്‍ കോവിഡ് മൂലം നടന്നില്ല.