കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട; മൂന്നരകോടിയുടെ സ്വർണവുമായി കാസര്‍കോട് സ്വദേശികളടക്കം മൂന്നുപേര്‍ അറസ്റ്റില്‍

0
234

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. മൂന്നര കിലോയോളം സ്വര്‍ണ്ണവുമായി കാസര്‍കോട് ഉദുമ സ്വദേശികളടക്കം മൂന്നു പേര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍. ഉദുമ സ്വദേശികളായ കൊവ്വല്‍ വളപ്പില്‍ കെ എ നിസാമുദ്ദീന്‍ (44) അബ്ദുല്‍ റഹ്‌മാന്‍ (40), കണ്ണൂര്‍ മാനന്തേരിയിലെ നൗഫല്‍ (46) എന്നിവരെയാണ് വിമാനതാവളത്തിനു പുറത്തു വച്ച് എയര്‍പോര്‍ട്ട് പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ അബുദാബിയില്‍ എത്തിയ വിമാനത്തിലെ യാത്രക്കാരായിരുന്നു നിസാമുദ്ദീനും നൗഫലും. പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ നിസാമുദ്ദീനില്‍ നിന്നു 1100 ഗ്രാം സ്വര്‍ണ്ണവും നൗഫലില്‍ നിന്നു 1156 ഗ്രാം സ്വര്‍ണ്ണവും പിടികൂടി. തിങ്കളാഴ്ച വൈകുന്നേരമെത്തിയ വിമാനത്തിലെ യാത്രക്കാരനായിരുന്ന അബ്ദുല്‍ റഹ്‌മാനില്‍ നിന്നു 1130 ഗ്രാം സ്വര്‍ണ്ണവും പിടികൂടിയിരുന്നു. എമര്‍ജന്‍സി ലാംപിലും സോക്‌സിലും മിശ്രിത രൂപത്തിലുള്ള സ്വര്‍ണം കടത്തുകയായിരുന്നു. സിസിടിവി ശ്രദ്ധിച്ച പോലീസ് മൂന്നു പേരുടേയും പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ ദേഹ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. 3.386 കിലോ ഗ്രാം സ്വര്‍ണ്ണമാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടേ എയര്‍പോര്‍ട്ട് പോലീസ് പത്തുകോടിയുടെ സ്വര്‍ണമാണ് പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here