‘ഫോണ്‍ ചാർജ് ചെയ്തു കൊണ്ട് ഉറങ്ങാറുണ്ടോ, അരുത്’; പണി കിട്ടുമെന്ന് ഈ മൊബൈൽ കമ്പനിയുടെ മുന്നറിയിപ്പ്…

0
208

ദില്ലി: ‘ഫോൺ ചാർജ് ചെയ്തു കൊണ്ട് കിടന്നുറങ്ങുന്ന ശീലമുണ്ടല്ലേ, പാടില്ല’… മുന്നറിയിപ്പുമായി പ്രമുഖ മൊബൈൽ ഫോണ്‍ നിർമ്മാതാക്കളായ ആപ്പിൾ. തങ്ങളുടെ ഉപയോക്താക്കൾക്കാണ് കമ്പനി മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. ശരിയായ ഫോൺ ചാർജിംഗിന്റെ പ്രാധാന്യം കമ്പനി ഊന്നിപ്പറയുകയും ചാർജിംഗ് കേബിളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഉപകരണത്തിനൊപ്പം ഉറങ്ങുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ  ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്. തീപിടുത്തം, വൈദ്യുതാഘാതം, പരിക്കുകൾ അല്ലെങ്കിൽ ഫോണിനും വസ്തുവകകൾക്കും കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യതകൾ എന്നിവ അപകടസാധ്യതകളിൽ ഉൾപ്പെടുന്നു.

ഫോൺ അമിതമായി ചൂടാകാനുള്ള സാധ്യത കൂടുതലായതിനാൽ ബ്ലാങ്കറ്റിനോ തലയിണയ്ക്കോ അടിയിൽ വെച്ച് ഫോൺ ചാർജ് ചെയ്യുന്നത് സംബന്ധിച്ചും ആപ്പിൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഐ ഫോണുകൾ, പവർ അഡാപ്റ്ററുകൾ, വയർലെസ് ചാർജറുകൾ എന്നിവ എപ്പോഴും നന്നായി വായു സഞ്ചാരമുള്ള ഇടങ്ങളിൽ വെച്ച്  ഉപയോഗിക്കുകയോ ചാർജ് ചെയ്യുകയോ ചെയ്യണമെന്നും കമ്പനി പറയുന്നു. ആപ്പിളിന്റെ ഔദ്യോഗിക ഉൽപ്പന്നങ്ങൾ അല്ലാതെ വില കുറഞ്ഞവ വാങ്ങുമ്പോഴത്തെ പ്രശ്നങ്ങളും കമ്പനി ചൂണ്ടിക്കാണിച്ചു. ഈർപ്പത്തിന്റെ സാന്നിധ്യത്തിൽ ചാർജു ചെയ്യുന്നത് തീപിടുത്തങ്ങൾക്കും വൈദ്യുത ആഘാതം, പരിക്കുകൾ എന്നിവ ഐഫോണിനും മറ്റ് വസ്തുവകകൾക്കും കേടുപാടുകൾ വരുത്താമെന്നും കമ്പനി പറയുന്നുണ്ട്.

അതിനിടെ ആപ്പിളിന്റെ പുതിയ മോഡൽ അടുത്ത മാസം എത്തുന്നത് സംബന്ധിച്ച ചർച്ചകൾ സജീവമാവുകയാണ്. ആപ്പിളിന്റെ ഐഫോൺ 15 നിർമാണം തമിഴ്നാട്ടിൽ ആരംഭിച്ചതായി കഴിഞ്ഞ ദിവസം പുറത്തു വന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാണിച്ചിരുന്നു. ശ്രീപെരുമ്പത്തൂരിലെ ഫോക്സ്കോൺ ടെക്നോളജി ഗ്രൂപ്പിന്റെ പ്ലാന്റിലാണ് നിർമാണം തുടങ്ങിയത്. ചൈനയിൽ നിന്നുള്ള ഐഫോൺ നിർമാണം കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ഇന്ത്യയിൽ ഉത്പാദനം വർദ്ധിപ്പിക്കാൻ തീരുമാനമുണ്ടായത്. പുതിയ ഐഫോണുകളുടെ ഇന്ത്യയിൽ നിന്നുള്ള ഉത്പാദനം വർദ്ധിപ്പിക്കാനാണ് ആപ്പിൾ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്.

ഐഫോൺ നിർമാണം  വലിയ തോതിൽ ചൈനയിൽ നടന്നിരുന്ന സമയത്ത് ഉത്പന്നങ്ങൾ ഇന്ത്യൻ വിപണിയിലെത്താൻ ആറ് മുതൽ ഒൻപത് മാസം വരെ എടുത്തിരുന്നെങ്കിൽ കഴിഞ്ഞ വർഷം മുതൽ ഇതിൽ മാറ്റം വന്നിട്ടുണ്ട്. മാർച്ച് അവസാനത്തിലെ കണക്കുകൾ പ്രകാരം ആകെ ഐഫോൺ ഉത്പാദനത്തിന്റെ ഏഴ് ശതമാനം ഇപ്പോൾ ഇന്ത്യയിലാണ്. ഇറക്കുമതി ചെയ്യുന്ന നിർമാണ ഘടകങ്ങളുടെ ലഭ്യതയും ഫോക്സ്കോൺ ഫാക്ടറിയിലെ ഉത്പാദന വേഗതയും അനുസരിച്ചേ ഇന്ത്യയിലെ ഐഫോൺ 15 നിർമാണം ഏത് നിലയിലെത്തുമെന്ന കാര്യത്തിൽ വ്യക്തത വരുത്താനാകൂ.

LEAVE A REPLY

Please enter your comment!
Please enter your name here