ആലുവയിലെ കണ്ണീർ മായും മുൻപ് വീണ്ടും; നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി, സംഭവം തിരൂരങ്ങാടിയിൽ

0
198

മലപ്പുറം: തിരൂരങ്ങാടിയിൽ നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി. തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആലുവയിലെ അഞ്ചു വയസുകാരി നൊമ്പരമായി സമൂഹ മനസാക്ഷിക്ക് മുൻപിൽ നിൽക്കെയാണ് വീണ്ടും സമാനമായ ക്രൂരകൃത്യം ഉണ്ടാകുന്നത്. മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശിയായ പ്രതി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

ഇന്ന് വൈകിട്ട് ചേളാരിയിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന പ്രദേശത്താണ് ക്രൂര കൃത്യം നടന്നത്. പീഡിപ്പിക്കപ്പെട്ട നാല് വയസുകാരിയുടെ മാതാപിതാക്കളുടെ സുഹൃത്താണ് പ്രതി. കളിപ്പിക്കാനെന്ന വ്യാജേന കുട്ടിയെ തന്റെ താമസ സ്ഥലത്തേക്ക് പ്രതി കൊണ്ടുപോവുകയായിരുന്നു. പിന്നീട് കുട്ടിയുടെ ഉറക്കെയുള്ള നിലവിളി കേട്ടാണ് മാതാപിതാക്കൾ ഓടിച്ചെന്നത്.

കുട്ടിയുടെ മാതാപിതാക്കളും ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇവരാണ് സംഭവം തിരൂരങ്ങാടി പൊലീസിൽ അറിയിച്ചത്. വിവരമറിഞ്ഞ് പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി. കുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യും.

പ്രതിക്ക് 30 വയസാണ് പ്രായം. മാതാപിതാക്കൾ വിവരമറിയിച്ച് ആദ്യം സ്ഥലത്തെത്തിയ തേഞ്ഞിപ്പാലം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാർബിൾ പണിക്കായി എത്തിയ അതിഥി തൊഴിലാളികൾ ധാരാളമായി താമസിച്ചിരുന്ന ക്വാർട്ടേർസിലാണ് സംഭവം. പ്രതിയും കുട്ടിയുടെ മാതാപിതാക്കളും മധ്യപ്രദേശുകാരാണ് എന്നാണ് വിവരം. ഇന്നുച്ചയോടെയാണ് പ്രതി കുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. കുട്ടിക്ക് ആരോഗ്യനില തൃപ്തികരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here