17 വര്‍ഷത്തിനിടെ ആദ്യം; ദ്രാവിഡിന് ശേഷം നാണക്കേടിന്‍റെ റെക്കോര്‍ഡിടുന്ന ഇന്ത്യന്‍ നായകനായി ഹാര്‍ദ്ദിക് പാണ്ഡ്യ

0
143

 ഫ്ലോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര കൈവിട്ടതോടെ നാണക്കേടിന്‍റെ റെക്കോര്‍ഡ് തലയിലാക്കി ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. 2006നുശേഷം ഇതാദ്യമായാണ് ടെസ്റ്റിലായാലും ടി20യിലായാലും ഏകദിനത്തിലായാലും മൂന്നോ അതില്‍ കൂടുതലോ മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റിട്ടില്ല. എന്നാല്‍ ഇന്നലെ ടി20 പരമ്പരയിലെ അഞ്ചാം മത്സരം തോറ്റതോടെ 17 വര്‍ഷത്തിനിടെ ആദ്യമായി വിന്‍ഡീസിനോട് പരമ്പര തോല്‍ക്കുന്ന നായകനായി ഹാര്‍ദ്ദിക് പാണ്ഡ്യ. 2006ല്‍ നടന്ന ഏകദിന പരമ്പരയില്‍ രാഹുല്‍ ദ്രാവിഡിന് കീഴിലിറങ്ങിയ ഇന്ത്യ വിന്‍ഡീസിനോട് 1-4ന് തോറ്റതായിരുന്നു ഇതിന് മുമ്പുള്ള ഇന്ത്യയുടെ അവസാന തോല്‍വി. അതേ ദ്രാവിഡ് ആണ് ഹാര്‍ദ്ദിക് നയിച്ച ടീമിന്‍റെ ഇന്ത്യന്‍ പരിശീലകന്‍ എന്നത് മറ്റൊരു കൗതുമായി.

വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ടോസ് സമയത്ത് അവതാരകനായ സമുവല്‍ ബദ്രി രോഹിത്തിന് പകരം ഇന്ത്യയെ നയിച്ച ഹാര്‍ദ്ദിക്കിനോട് ചോദിച്ചത് ഈ മത്സരം തോറ്റ് പരമ്പര കൈവിട്ടാല്‍ എന്തു ചെയ്യുമെന്നായിരുന്നു. 2006ല്‍ രാഹുല്‍ ദ്രാവിഡിനുശേഷം മറ്റൊരു ഇന്ത്യന്‍ ക്യാപ്റ്റനും വിന്‍ഡീസിനെതിരെ പരമ്പര കൈവിട്ടിട്ടില്ലെന്ന കാര്യം മനസില്‍ വെച്ചായായിരുന്നു ബദ്രിയുടെ ചോദ്യം. എന്നാല്‍ അന്ന് ഹാര്‍ദ്ദിക് നല്‍കിയ മറുപടി, എന്തായാലും ആദ്യമായിട്ടായല്ലെ, അങ്ങനെ ആദ്യമാകുന്നതില്‍ കുഴപ്പമില്ലെന്നായിരുന്നു. ഏകദിന പരമ്പരയിലെ അവസാന മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കിയങ്കിലും ടി20 പരമ്പര കൈവിട്ടതോടെ ദ്രാവിഡിനുശേഷം നാണക്കേടിന്‍റെ ആ റെക്കോര്‍ഡ് സ്വന്തമാക്കുന്ന നായകനായി ഹാര്‍ദ്ദിക്.

വിന്‍ഡീസിനെതിരായ ടി20 പരമ്പര തോറ്റതോടെ ദ്വിരാഷ്ട്ര ടി20 പരമ്പരകളിലെ ഇന്ത്യയുടെ തുടര്‍ പരമ്പര വിജയങ്ങളുടെ റെക്കോര്‍ഡു കൂടിയാണ് മുറിയുന്നത്. വിന്‍ഡീസിനെതിരായ പരമ്പരക്ക് മുമ്പ് ഇന്ത്യ തുടര്‍ച്ചയായി 11 ടി20 പരമ്പരകള്‍ ജയിക്കുകയോ സമനിലയാക്കുകയോ ചെയ്തിരുന്നു. ഇതിന് മുമ്പ് 2021ല്‍ ശ്രീലങ്കക്കെതിരെ ആയിരുന്നു ദ്വിരാഷ്ട്ര ടി20 പരമ്പരകളില്‍ അവസാനമായി ഇന്ത്യ പരമ്പര കൈവിട്ടത്.

വെസ്റ്റ് ഇന്‍ഡീസ്(3-0), ശ്രീലങ്ക(3-0), ദക്ഷിണഫ്രിക്ക(2-2) , അയര്‍ലന്‍ഡ്(2-0), ഇംഗ്ലണ്ട്(2-1), വെസ്റ്റ് ഇന്‍ഡീസ്(4-1), ഓസ്ട്രേലിയ(2-1), ദക്ഷിണാഫ്രിക്ക(2-1), ന്യൂസിലന്‍ഡ്(2-1), ശ്രീലങ്ക(2-1), ന്യൂസിലന്‍ഡ്(2-1) എന്നിങ്ങനെയാണ് ഇതിനു മുമ്പുള്ള കഴിഞ്ഞ 11 ടി20 പരമ്പരകളിലെ ഇന്ത്യയുടെ പ്രകടനം. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും കിരീടം നേടാനായില്ല എന്നതൊഴിച്ചാല്‍ ദ്വിരാഷ്ട്ര ടി20 പരമ്പരകളിലെല്ലാം ഇന്ത്യ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. എന്നാല്‍ ഇന്നലെ അഞ്ചാം ടി20യില്‍ വിന്‍ഡീസിനെതിരെ തോറ്റതോടെ ഇന്ത്യയുടെ തുടര്‍ പരമ്പര വിജയങ്ങളും അവസാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here