എതിരാളികൾ വന്നിട്ടും പതറാതെ ‘കിം​ഗ് ഓഫ് കൊത്ത’; ദുൽഖർ ചിത്രം ഇതുവരെ നേടിയത്

0
225

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം റിലീസ് ചെയ്യുന്ന ദുൽഖർ സൽമാൻ ചിത്രം. അതുതന്നെയാണ് കിം​ഗ് ഓഫ് കൊത്തയിലേക്ക് പ്രേക്ഷകരെ ആകർഷിച്ച പ്രധാന ഘടകം. പിന്നെ മലയാളത്തിന്റെ ഹിറ്റ് മേക്കർ ജോഷിയുടെ മകൻ അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രം, ​ഗോകുൽ സുരേഷ് മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം. ഇതെല്ലാം ആയിരുന്നു കിം​ഗ് ഓഫ് കൊത്തയുടെ യുഎസ്പി. രണ്ട് ദിവസം മുൻപ് പുറത്തിറങ്ങിയ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. പിന്നാലെ ഡീ​ഗ്രേഡിങ്ങും നടന്നിരുന്നു. എന്നാൽ ഡീ​ഗ്രേഡിങ്ങോ പുതിയ റിലീസുകളോ ഒന്നും കിം​ഗ് ഓഫ് കൊത്തയെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് പുറത്തുവരുന്ന ബോക്സ് ഓഫീസ് റിപ്പോർട്ട്.

കേരളത്തിൽ നിന്നുമാത്രം ആദ്യ രണ്ട് ദിവസങ്ങളിലായി 7.8 കോടി ചിത്രം നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. അതായത്, വ്യാഴം 5.75 കോടിയും വെള്ളി 2.05 കോടിയും ആണ് നേടിയിരിക്കുന്നത്. വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ ഏകദേശം 22 കോടിക്കടുത്ത് ചിത്രം നേടിയെന്നാണ് റിപ്പോർട്ട്.

അതേസമയം, കിം​ഗ് ഓഫ് കൊത്തയെ സ്വീകരിച്ച ഏവർക്കും ദുൽഖർ നന്ദി പറഞ്ഞു. “നിങ്ങളുടെ വലിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നു. ഓരോ ദിവസവും ഓരോ സിനിമയും ഒരു പഠനാനുഭവമാണ്. എന്നാൽ അതിലൂടെ നിങ്ങൾ ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഈ അവസരത്തിൽ ഓരോ പ്രേക്ഷകർക്കും നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു”, എന്നാണ് ദുൽഖർ കുറിച്ചത്. ഒപ്പം പുതിയ പോസ്റ്ററും പുറത്തിറക്കി. “ആദ്യം ഒന്ന് കുരയ്ക്കും. പിന്നെ വാലാട്ടി കൊണ്ട് പുറകെ വരും..തീർക്കാൻ പറ്റുമെങ്കിൽ തീർക്കെടാ..”,എന്ന മാസ് ഡയലോ​ഗിന് ഒപ്പമാണ് പോസ്റ്ററെത്തിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here