ഷാജഹാൻപുർ: ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ മദ്യപിച്ചെത്തിയ ചിലർ ആർഎസ്‌എസ് ഓഫീസിന്‍റെ ചുവരിൽ മൂത്രമൊഴിച്ചത് വിവാദമാകുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്തതോടെ മദ്യപ സംഘം ആയുധങ്ങളുമായി ആക്രമിക്കുകയും ചെയ്തു. ഷാജഹാൻപൂരിലെ ആര്‍എസ്എസ് ഓഫീസും സംഘം അടിച്ചു തകർത്തു. 40 ഓളം പേർ ആയുധങ്ങളുമായി ഓഫീസ് ആക്രമിച്ചുവെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംഘര്‍ഷമായതോടെ പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. വടികള്‍ ഉപയോഗിച്ച് പ്രവര്‍ത്തകരെ തല്ലിച്ചതച്ച സംഘം ഓഫീസ് കല്ലെറിഞ്ഞ് തകര്‍ക്കുകയും ചെയ്തു. നാലോളം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായാണ് വിവരം. വൻ പൊലീസാണ് ഇതോടെ സ്ഥലത്ത് എത്തിയത്. ആക്രമണം നടത്തിയവര്‍ക്കെതിരെ കേസ് എടുത്തതായും രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. സദർ ബസാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഷഹീദ് ദ്വാറിലാണ് സംഭവം.
ബുധനാഴ്ച രാത്രി ആർഎസ്എസ് ഓഫീസിന്‍റെ ചുവരിൽ ചിലര്‍ മൂത്രമൊഴിക്കുകയായിരുന്നു. ഓഫീസിന് നേരെ ആക്രമണമുണ്ടായി എന്നറിഞ്ഞ് ആർഎസ്എസ് മഹാനഗര് പ്രചാരക്, വിശ്വഹിന്ദു പരിഷത്ത്, ബിജെപി നേതാക്കളും സ്ഥസത്ത് എത്തി. നേതാക്കളും പൊലീസും തമ്മിലും വാക്കേറ്റമുണ്ടായി. സംഘർഷത്തെ തുടർന്ന് ആർഎസ്എസ് ഓഫീസിന് പുറത്ത് കനത്ത പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചത്. സംഭവത്തിൽ കേസെടുത്ത് രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായി സിറ്റി എസ്പി സുധീർ ജയ്‌സ്വാൾ പറഞ്ഞു. അന്വേഷണത്തിന് ശേഷം തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.