ചരക്കുവാഹന ഡ്രൈവര്‍മാരുടെ ഉമിനീർ പരിശോധന, ഇന്ത്യയിലെ ആദ്യ പഠന റിപ്പോർട്ട് ഞെട്ടിക്കുന്നത്…

0
242

കോഴിക്കോട്: കേരളത്തിലെത്തുന്ന ചരക്ക് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കിടയില്‍ ലഹരി ഉപയോഗം കൂടുതല്‍ എന്ന് പഠന റിപ്പോർട്ട്. ചരക്ക് ലോറികളുടെ ഡ്രൈവർമാരുടെ ഉമനീർ പരിശോധിച്ച് നടത്തിയ പഠനത്തില്‍ ഡ്രൈവർമാരിൽ കഞ്ചാവിന്റെയും മാരകമായ പല രാസലഹരികളുടെയും ഉപയോഗം ഉള്ളതായി കണ്ടെത്തി. കാസര്‍ഗോഡ്, മുത്തങ്ങ, വാളയാര്‍ ചെക്ക് പോസ്റ്റുകളില്‍ നിന്ന് സന്നദ്ധരായ ഡ്രൈവര്‍മാരുടെ ഉമിനീര്‍ പരിശോധിച്ചാണ് ലഹരി വസ്തുക്കളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഫോറന്‍സിക് സയന്‍സ് പഠന വകുപ്പിലെ (ലൈഫ് സയന്‍സ്) അസി. പ്രൊഫസര്‍ ഡോ. എം.എസ്.  ശിവപ്രസാദ്, സുവോളജിയിലെ ഡോ. സി.വി. പ്രിയത, അസി. പ്രൊഫസര്‍ ഡോ. ഇ.എം. അനീഷ്, കേരള പൊലീസ് അക്കാദമിയിലെ ക്രിമിനോളജിസ്റ്റ് ഡോ. ജയേഷ് കെ.ജോസഫ് എന്നിവര്‍ കേരള എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ 2021-ല്‍ കേരളത്തിലെ ചെക്ക് പോസറ്റുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പഠന റിപ്പോര്‍ട്ട് അന്താരാഷ്ട്ര ജേണലായ ‘ട്രാഫിക് ഇഞ്ച്വറി ആന്‍ഡ് പ്രിവന്‍ഷനില്‍’ (ടി. ആന്റ് എഫ്. ഗ്രൂപ്പ്) പ്രസിദ്ധീകരിച്ചു. 20-ല്‍ പരം ലഹരിവസ്തുക്കളുടെ ഉപയോഗം അരമണിക്കൂറിനുള്ളില്‍ സ്ഥിരീകരിക്കാന്‍ സാധിക്കുന്ന എവിഡന്‍സ് മല്‍ടിസ്റ്റാറ്റ് (Evidence Multistat) കിറ്റുകള്‍ ഉപയോഗപ്പെടുത്തി ഇന്ത്യയില്‍ നടന്ന ആദ്യത്തെ പഠനമാണിത്.

പരിശോധനാ സ്ഥലത്ത് വച്ചു തന്നെ ഫലം ലഭ്യമാക്കാന്‍ ഇതു വഴി സാധിക്കും. പഠനം നടത്തിയവരില്‍ 21% പേരും വിവിധതരം ലഹരിവസ്തുക്കള്‍ ഉപയോഗിച്ചതായി തെളിഞ്ഞു. അവയില്‍ കഞ്ചാവിന്റെ, പ്രത്യേകിച്ചും കൃത്രിമമായി ഉണ്ടാക്കുന്ന കഞ്ചാവിന്റെ ഉപയോഗമാണ് കൂടുതല്‍ എന്ന് വ്യക്തമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എല്‍.എസ്.ഡി., എം.ഡി.എം.എ പോലുള്ള മാരക സിന്തറ്റിക് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും, ഒരാളില്‍ നിന്ന് ഒന്നില്‍ കൂടുതല്‍ ലഹരിവസ്തുക്കളുടെ സാന്നിധ്യവും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. 26-നും 35-നും പ്രായമുള്ളവരില്‍ 30% പേരും 36-നും 46-നും ഇടയില്‍ പ്രായമുള്ളവരില്‍ 34% പേരും ലഹരി ഉപയോഗിക്കുന്നതായി കാണപ്പെട്ടു. കൂടാതെ യാത്രാ ദൂരം കൂടുന്നതിനനുസരിച്ച് ലഹരി ഉപയോഗം വര്‍ധിക്കുന്നതായും കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here