ഡ്രോണ്‍ എഐ ക്യാമറകള്‍ അനാവശ്യചെലവ്; മോട്ടോര്‍ വാഹനവകുപ്പിന്റെ ശുപാര്‍ശ തള്ളി

0
148

ഗതാഗത നിയമലംഘനം പിടിക്കാന്‍ ഡ്രോണ്‍ എഐ ക്യാമറകള്‍ വാങ്ങണമെന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ ശുപാര്‍ശ ഗതാഗതവകുപ്പ് തള്ളി. നാനൂറ് കോടി മുടക്കി ക്യാമറകള്‍ വാങ്ങുന്നത് അനാവശ്യ ചെലവെന്ന് വിലയിരുത്തിയാണ് ഗതാഗത കമ്മീഷണറുടെ റിപ്പോര്‍ട്ട് തല്‍കാലത്തേക്ക് മരവിപ്പിച്ചത്. പൂര്‍ണമായിട്ടും കേന്ദ്ര സര്‍ക്കാര്‍ സഹായം ലഭിക്കുമെങ്കില്‍ മാത്രം പദ്ധതിയുമായി മുന്നോട്ട് പോയാല്‍ മതിയെന്നും മന്ത്രി ആന്റണി രാജു നിര്‍ദേശിച്ചു.

232 കോടി മുടക്കി റോഡിലാകെ 726 ക്യാമറകള്‍ സ്ഥാപിച്ചിട്ട് മൂന്ന് മാസം ആകുന്നതേയുള്ളു. നിയമലംഘനങ്ങള്‍ തടയാന്‍ അതൊന്നും പോരെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്. ഇനി പറന്ന് പിടിക്കുന്ന ഡ്രോണ്‍ എഐ ക്യാമറകള്‍ കൂടിവേണം. ഓരോ ജില്ലയിലും കുറഞ്ഞത് പത്തെണ്ണം വീതം വാങ്ങണം. എല്ലാത്തിനും കൂടി നാനൂറ് കോടിയോളം രൂപയാകും. റോഡില്‍ വച്ചിരിക്കുന്ന എഐ ക്യാമറകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഡ്രോണ്‍ ക്യാമറകള്‍ പറത്തിയാല്‍ നിയമലംഘനം പൂര്‍ണമായി തന്നെ നിയന്ത്രിച്ച് അപകടമരണങ്ങള്‍ വന്‍തോതില്‍ കുറയ്ക്കാമെന്നുമാണ് ഗതാഗത കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയത്.

നിലവിലെ എഐ ക്യാമറകള്‍ വാങ്ങിയത് തന്നെ അമിത വിലയ്ക്കാണെന്നും അഴിമതിയുമാണെന്ന ആരോപണവും വിവാദവും തുടരുന്നു. കേസ് ഹൈക്കോടതിയുടെ പരിഗണനയിലുമാണ്. അതിനിടെ അതിലും ഉയര്‍ന്ന തുകയ്ക്ക് വീണ്ടും ഡ്രോണ്‍ ക്യാമറയെന്ന റിപ്പോര്‍ട്ട് വന്നതോടെ ഗതാഗതവകുപ്പ് ആശയക്കുഴപ്പത്തിലായി. ഒടുവില്‍ ഇത്രയും തുക മുടക്കി വീണ്ടും ക്യാമറകള്‍ വാങ്ങുന്നതിനേക്കുറിച്ച് തല്‍കാലം ആലോചിക്കുകപോലും വേണ്ടെന്ന് മന്ത്രി നിര്‍ദേശിച്ചു. റോഡ് സുരക്ഷാപദ്ധതിയുടെ ഭാഗമായി കേന്ദ്രം പൂര്‍ണ ചെലവ് വഹിക്കാന്‍ തയാറായാല്‍ മാത്രമായിരിക്കും പറന്ന് പിടിക്കുന്ന എഐ ക്യാമറ പദ്ധതിക്ക് ജീവന്‍ വയ്ക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here