പതിവായി പെയിൻ കില്ലേഴ്സ് കഴിക്കുന്നത് വൃക്കയെ ബാധിക്കുമോ?

0
223

വൃക്ക രോഗങ്ങള്‍, അല്ലെങ്കില്‍ വൃക്കയുടെ ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ തീര്‍ച്ചയായും ആശങ്കപ്പെടുത്തുന്നത് തന്നെയാണ്. നമ്മുടെ ശരീരത്തില്‍ നിന്ന് ആവശ്യമില്ലാത്ത പദാര്‍ത്ഥങ്ങളെ പുറന്തള്ളുന്നതും, അധികമായ ദ്രാവകങ്ങളെ പുറന്തള്ളുന്നതുമെല്ലാമാണ് വൃക്കകളുടെ പ്രധാന ധര്‍മ്മം.

അതിനാല്‍ തന്നെ വൃക്കയ്ക്ക് എന്തെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങളുണ്ടാകുമ്പോള്‍ അത് ഈ പ്രവര്‍ത്തനങ്ങളെയെല്ലാം ബാധിക്കും. വളരെ ഗൗരവമുള്ള അവസ്ഥ തന്നെയാണ് ഇവ മൂലമെല്ലാമുണ്ടാവുക.

ഇത്തരത്തില്‍ വൃക്ക ബാധിക്കപ്പെടുന്നതിലേക്ക്, അല്ലെങ്കില്‍ വൃക്കയുടെ പ്രവര്‍ത്തനം തന്നെ തകരാറിലാകുന്ന തരത്തിലേക്ക് നമ്മെ നയിക്കുന്ന ചില ഘടകങ്ങളുണ്ട്. അവയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

പ്രമേഹം…

പ്രമേഹം അഥവാ ഷുഗര്‍, നമുക്കറിയാം രക്തത്തില്‍ ഷുഗര്‍ നില (ഗ്ലൂക്കോസ്) ഉയരുന്നത് മൂലമാണുണ്ടാകുന്നത്. ഇൻസുലിൻ എന്ന ഹോര്‍മോണ്‍ വേണ്ടത്ര ഉത്പാദിപ്പിക്കപ്പെടാതിരിക്കുകയോ , ഇൻസുലിൻ ഹോര്‍മോണ്‍ ഉണ്ടായിട്ടും അത് ഉപയോഗപ്പെടുത്താൻ കഴിയാതെ പോവുകയും ചെയ്യുമ്പോഴാണ് രക്തത്തില്‍ ഗ്ലൂക്കോസ് നില ഉയരുന്നത്. ഇങ്ങനെയാണ് പ്രമേഹം പിടിപെടുന്നതും.

അധികപേരെയും ബാധിക്കുന്ന ടൈപ്പ്-2 പ്രമേഹമാണെങ്കില്‍ ചികിത്സയിലൂടെ ഭേദപ്പെടുത്തുക സാധ്യമല്ല. ഇത് ഭക്ഷണമടക്കമുള്ള ജീവിതരീതികളിലൂടെ നിയന്ത്രിച്ചുനിര്‍ത്താനേ സാധിക്കൂ.

പ്രമേഹം ഇങ്ങനെ നിയന്ത്രിച്ചുനിര്‍ത്താതിരുന്നാല്‍, അത് അധികമായാല്‍ വൃക്കയെയും ബാധിക്കാം. വൃക്കയിലെ രക്തക്കുഴലുകള്‍ ബാധിക്കപ്പെടുകയും ഇതോടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുകയുമാണ് ചെയ്യുക. ‘ഡയബെറ്റിക് നെഫ്രോപ്പതി’ എന്നാണീ അവസ്ഥ അറിയപ്പെടുന്നത്. ഇതൊഴിവാക്കാൻ പ്രമേഹം നിയന്ത്രിക്കുകയെന്ന മാര്‍ഗമേ മുന്നിലുള്ളൂ.

ബിപി…

ബിപി (ബ്ലഡ് പ്രഷര്‍ ) അഥവാ രക്തസമ്മര്‍ദ്ദം അധികരിക്കുന്നതും വൃക്കയ്ക്ക് ഭീഷണിയാണ്. ബിപി അധികമാകുമ്പോള്‍ വൃക്കയിലെ രക്തക്കുഴലുകളിലും സമ്മര്‍ദ്ദം വരുന്നു. ഇതോടെയാണ് വൃക്കയ്ക്ക് നേരെ വെല്ലുവിളി ഉയരുന്നത്. ഈ പ്രശ്നമൊഴിവാക്കാൻ ബിപി നിയന്ത്രിച്ചുകൊണ്ടുപോവുകയാണ് വേണ്ടത്. ഉപ്പും സോഡിയം അടങ്ങിയ മറ്റ് ഭക്ഷണങ്ങളും കുറയ്ക്കുക, പുകവലി – മദ്യപാനം – ലഹരി ഉപയോഗം എല്ലാം ഉപേക്ഷിക്കുക, ഒപ്പം തന്നെ ബിപി നിയന്ത്രിക്കുന്നതിന് മരുന്നുകളുണ്ടെങ്കില്‍ അവയും തെറ്റാതെ പിന്തുടരുക.

പെയിൻ കില്ലേഴ്സ്…

പെയിൻ കില്ലേഴ്സ് കഴിക്കുന്നത് കാണുമ്പോള്‍ ചിലരെങ്കിലും നിങ്ങളോട് പറ‍ഞ്ഞിരിക്കാം, അത് ദോഷമാണെന്ന്. വൃക്കയെ ആണ് പെയിൻ കില്ലേഴ്സ് നശിപ്പിക്കുകയെന്ന് വ്യക്തമായി പറയുന്നവരുമുണ്ട്. ഇത് യഥാര്‍ത്ഥത്തില്‍ സത്യമായ കാര്യം തന്നെയാണ്.

ദീര്‍ഘകാലത്തേക്ക് പതിവായി പെയിൻ കില്ലേഴ്സ് കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അത് വൃക്കയുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കും. ഈ പെയിൻ കില്ലേഴ്സ് വൃക്കയിലേക്കുള്ള രക്തയോട്ടത്തെയാണ് ക്രമേണ ബാധിക്കുന്നത്. അങ്ങനെയാണ് വൃക്ക അപകടത്തിലാകുന്നത്. ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ പെയിൻ കില്ലേഴ്സ് അടക്കം ഒരു മരുന്നും എടുക്കാതിരിക്കുന്നതാണ് എപ്പോഴും ആരോഗ്യത്തിന് സുരക്ഷിതം.

നിര്‍ജലീകരണം…

ശരീരത്തില്‍ നിന്ന് കാര്യമായ അളവില്‍ ജലാംശം നഷ്ടപ്പെട്ടുപോകുന്ന നിര്‍ജലീകരണം അഥവാ ഡീഹൈഡ്രേഷൻ ആണ് വൃക്കയ്ക്ക് ഭീഷണിയാകുന്ന മറ്റൊരവസ്ഥ. ഈ അവസ്ഥ വൃക്കയ്ക്ക് സമ്മര്‍ദ്ദം സൃഷ്ടിക്കും. നേരാംവണ്ണം പ്രവര്‍ത്തിക്കാൻ സാധിക്കാതെ വരും. ക്രമേണ ഇത് വൃക്കയുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കും.

പുകവലിയും മദ്യപാനവും…

വൃക്കയെ അപകടത്തിലാക്കുന്ന മറ്റൊന്നാണ് പുകവലിയും മദ്യപാനവും പോലുള്ള ലഹരി- ഉപയോഗങ്ങള്‍. ഈ ദുശ്ശീലങ്ങളെല്ലാം വൃക്കയിലെ രക്തക്കുഴലുകളെയാണ് ദോഷകരമായി ബാധിക്കുക. പതിയെ വൃക്കയുടെ പ്രവര്‍ത്തനം തന്നെ അപകടത്തിലാകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here