കറുത്ത നിറത്തിന്‍റെ പേരില്‍ ഭാര്യയുടെ നിരന്തര പരിഹാസം,മകള്‍ക്കു വേണ്ടി എല്ലാം സഹിച്ചു; ക്രൂരതയെന്ന് കോടതി

0
91

ബെംഗളൂരു: നിറത്തിന്‍റെ പേരില്‍ ഒരു വ്യക്തിയെ അപമാനിക്കുന്നത് ക്രൂരതയെന്ന് കര്‍ണാടക ഹൈക്കോടതി. കറുത്ത നിറത്തിന്‍റെ പേരില്‍ ഭാര്യ തന്നെ നിരന്തരം കളിയാക്കുന്നുവെന്നും വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ടുമുള്ള യുവാവിന്‍റെ ഹരജി പരിഗണിക്കവെയാണ് കോടതി ഇങ്ങനെ പറഞ്ഞത്. കേസില്‍ കോടതി വിവാഹമോചനം അനുവദിക്കുകയും ചെയ്തു.

കുടുംബ കോടതി വിവാഹമോചനം അനുവദിക്കാത്തതിനെ തുടര്‍ന്ന് യുവാവ് കര്‍ണാടക ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. നിറത്തിന്‍റെ പേരിൽ ഭർത്താവിനെ ഭാര്യ നിരന്തരം അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ടെന്ന് സബ് ഡിവിഷൻ ബെഞ്ച് പറഞ്ഞു. ഇതു മറച്ചുവയ്ക്കാനാണ് യുവതി ഭര്‍ത്താവിനെതിരെ അവിഹിത ബന്ധം ആരോപിച്ചതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഇത് തികച്ചും ക്രൂരതയാണെന്ന് അഭിപ്രായപ്പെട്ട കോടതി കീഴ്‌ക്കോടതിയുടെ ഉത്തരവ് റദ്ദാക്കുകയായിരുന്നു.

2007ലാണ് ദമ്പതികള്‍ വിവാഹിതരാകുന്നത്. 2012ല്‍ വിവാഹമോചനം തേടി ഭര്‍ത്താവ് കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. 2017 ജനുവരി 13ന് സാധാരണ കുടുംബപ്രശ്നമാണെന്ന് പറഞ്ഞ് കോടതി കേസ് റദ്ദാക്കി. വിവാഹശേഷം ഭാര്യ തന്നെ നിരന്തരം ആക്ഷേപിക്കുകയായിരുന്നുവെന്ന് ഭര്‍ത്താവിന്‍റെ ഹരജിയില്‍ പറയുന്നു. തന്‍റെ തൊഴിലുടമയോട് പോലും ഭാര്യ പരാതിപ്പെട്ടിരുന്നു. താന്‍ ഒരുപാട് കഷ്ടപ്പെടുകയും വിഷാദാവസ്ഥയിലാവുകയും ചെയ്തുവെന്നും യുവാവ് പറയുന്നു. എന്നാല്‍ തന്‍റെ ഭര്‍ത്താവിന് അവിഹിതബന്ധമുണ്ടെന്നും ആ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടെന്നുമായിരുന്നു ഭാര്യയുടെ വാദം. മാത്രമല്ല ഭര്‍ത്താവ് തന്നോട് പരുഷമായിട്ടാണ് പെരുമാറുന്നതെന്നും വീട്ടില്‍ നിന്നും പുറത്തുപോകാനോ വൈകി വീട്ടിലെത്താനോ അനുവദിച്ചില്ലെന്നും ആരോപിക്കുന്നു.

ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ ഭാര്യ പൊലീസില്‍ പരാതി നൽകിയിരുന്നു. എന്നാൽ, ഹരജിക്കാരനെതിരെ ഭാര്യ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിച്ചതെന്ന് കോടതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here