ദില്ലി:ഹരിയാനയിൽ വിഎച്ച്പി റാലിക്കിടെയുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. 116 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടർ പറഞ്ഞു.ഹരിയാന ഹോംഗാർഡിലെ രണ്ട് അംഗങ്ങളും മറ്റു നാലു പേരുമാണ് ഹരിയാനയിലെ സംഘർഷത്തില് കൊല്ലപ്പെട്ടത്. ഒരാൾ ബജ്രംഗ്ദൾ പ്രവർത്തകനാണെന്ന് സംഘടന അറിയിച്ചു. ഗുരുഗ്രാമിലെ മസ്ജിദിലുണ്ടായ അക്രമത്തിൽ ഒരു മൗലാനയും കൊല്ലപ്പെട്ടു. ഇതുവരെ സംഘർഷവുമായി ബന്ധപ്പെട്ട് 41 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കുറ്റക്കാർ ആരെയും വെറുതെവിടില്ലെന്നും മുഖ്യമന്ത്രി മനോഹർലാൽ ഘട്ടാർ പറഞ്ഞു.
Read More:ഈ ആപ് ഫോണിലുണ്ടെങ്കിൽ വാട്സ്ആപ് വിവരങ്ങളെല്ലാം ഹാക്ക് ചെയ്യപ്പെടും; ജാഗ്രത
ഘോഷയാത്ര സംഘടിപ്പിച്ചവർ പരിപാടിയെ കുറിച്ച് പൂർണ വിവരങ്ങൾ അധികൃതർക്ക് കൈമാറിയിരുന്നില്ലെന്നും, ഇതാണ് സംഘർഷത്തിന് കാരണമായതെന്നും ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. തുടർ സംഘർഷമുണ്ടായ ഗുരുഗ്രാമിലെ പ്രദേശങ്ങളില് കൂടുതല് കേന്ദ്രസേനയെ വിന്യസിച്ചു 20 കമ്പനി കേന്ദ്രസേനയെയാണ് ഹരിയാനയിലാകെ വിന്യസിച്ചത്. സമൂഹമാധ്യമങ്ങളിലും നിരീക്ഷണം ശക്തമാക്കി. പശുക്കടത്ത് ആരോപിച്ച് രണ്ട് രാജസ്ഥാൻ സ്വദേശികളെ ചുട്ടുകൊന്ന കേസിലെ പ്രതിയും ബജ്റംഗ്ദൾ നേതാവുമായ മോനുമനേസർ ഘോഷയാത്രക്കെത്തുമെന്ന് ദിവസങ്ങൾക്ക് മുന്പ് സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഇരുവിഭാഗങ്ങൾ തമ്മിൽ വാക്പോര് രൂക്ഷമായിരുന്നു. എന്നിട്ടും അക്രമം തടയാന് പോലീസ് ജാഗ്രത കാട്ടിയില്ലെന്നാണ് വിമർശനം.
കൊലപാതക കേസില്‍ ഇപ്പോഴും ഒളിവില്‍ കഴിയുകയാണ് മോനു മനേസർ. നൂഹിലും സമീപ ജില്ലകളിലും നിരോധനാജ്ഞ തുടരുകയാണ്. സ്കൂളുകളും വ്യാപാര സ്ഥാപനങ്ങളും ഇന്ന ഭാഗികമായി പ്രവർത്തിച്ചു. നൂഹില് ഇന്റർനെറ്റ് സേവനം പുനസ്ഥാപിച്ചിട്ടില്ല. ഗുരുഗ്രാമിൽ നിരവധി കടകൾ ഇന്നലെ അക്രമികൾ കത്തിച്ചു. രാജസ്ഥാനിലെ അൽവറിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്