ദില്ലി: വ്യാജ സിമ്മുകള്‍ക്ക് തടയിടാന്‍ സുപ്രധാന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. സിം വില്‍ക്കുന്നവര്‍ക്ക് പൊലീസ് വെരിഫിക്കേഷന്‍, ബയോമെട്രിക് വെരിഫിക്കേഷന്‍, രജിസ്റ്റേഷന്‍ എന്നിവ നിര്‍ബന്ധമാക്കാനാണ് തീരുമാനം. വലിയ അളവില്‍ സിം വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും കെവൈസി നിര്‍ബന്ധമാക്കും. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് 10 ലക്ഷം രൂപ പിഴയീടാക്കും. സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ക്കായി സിം വ്യാപകമായി ദുരുപയോഗിക്കപ്പെടുന്നെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ബിസിനസ് ആവശ്യങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടി ഒരുമിച്ച് സിം എടുക്കുന്നവര്‍ക്ക് നിയന്ത്രണം ബാധകമാകില്ല. പുതിയ നടപടികളിലൂടെ വ്യാജ വിലാസം ഉപയോഗിച്ചുള്ള സിം വ്യാപാരം തടയാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സഞ്ചാര്‍ സാധി പോര്‍ട്ടല്‍ തുടങ്ങി മൂന്നു മാസത്തിനകം നിര്‍ണായക പുരോഗതിയുണ്ടായിയെന്നും മന്ത്രി പറഞ്ഞു. 52 ലക്ഷം കണക്ഷനുകള്‍ റദ്ദാക്കി. വ്യാജസിം വിറ്റ 67,000 ഡീലര്‍മാരെ ബ്ലാക്ക് ലിസ്റ്റ് ചെയ്തു. 66,000 വാട്‌സാപ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു. വ്യാജസിമ്മില്‍ 300 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മോഷ്ടിക്കപെട്ടതോ നഷ്ടപ്പെട്ടതോ ആയ മൂന്നു ലക്ഷം മൊബൈല്‍ ഹാന്‍ഡ് സെറ്റുകള്‍ കണ്ടെത്തി ഉടമസ്ഥര്‍ക്ക് നല്‍കിയെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
മെയ് മാസത്തില്‍ 1.8 ലക്ഷം വ്യാജ സിം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തതായി പഞ്ചാബ് പൊലീസ് അറിയിച്ചു. വ്യാജവിലാസങ്ങളില്‍ സിം നല്‍കിയ 17 പേരെ അറസ്റ്റ് ചെയ്തു. ഭൂരിഭാഗം സൈബര്‍ കുറ്റകൃത്യങ്ങളും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നത് വ്യാജസിം കാര്‍ഡുകള്‍ ഉപയോഗിച്ചതാണെന്ന് പഞ്ചാബ് പൊലീസ് പറഞ്ഞിരുന്നു.