നിർത്തിയിട്ട കാർ ഉരുണ്ട് വെള്ളച്ചാട്ടത്തിലേക്ക് മറിഞ്ഞു; അച്ഛനെയും മകളെയും രക്ഷപ്പെടുത്തി | Video

0
362

ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്ദോറില്‍ നിർത്തിയിട്ടിരുന്ന കാര്‍ വെള്ളച്ചാട്ടത്തിലേക്ക് മറിഞ്ഞ് അപകടം. അപകടസ്ഥലത്തുണ്ടായിരുന്നവരുടെ ഇടപെടലിലൂടെ കാറിലുണ്ടായിരുന്ന പിതാവിനെയും 13 വയസ്സുകാരി മകളെയും രക്ഷപ്പെടുത്താന്‍ സാധിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

വെള്ളച്ചാട്ടത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ ഉരുണ്ട് നീങ്ങി താഴേയ്ക്ക് മറിയുകയായിരുന്നു. തുടര്‍ന്ന് സമീപത്തുണ്ടായിരുന്നവരുടെ കൃത്യമായ ഇടപെടലിലൂടെ വാഹനത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാൻ സാധിച്ചു. കാർ മറിയാൻ ആരംഭിക്കുന്ന സാഹചര്യത്തിൽ തന്നെ ഇവർ പുറത്ത് കടക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇരുവരും മുങ്ങി പോകുമെന്ന ഘട്ടത്തിലാണ് സ്ഥലത്തുണ്ടായിരുന്നവരിൽ ചിലർ വെള്ളച്ചാട്ടത്തിലേക്കിറങ്ങി ഇരുവരെയും രക്ഷിച്ചത്.

വെള്ളച്ചാട്ടത്തിന് സമീപം അലക്ഷ്യമായി കാർ പാർക്ക് ചെയ്തതാണ് അപകടകാരണമെന്ന് പോലീസ് അറിയിച്ചു. കാറിന്റെ ഡിക്കി ബലമായി അടച്ചതോടെയാണ് വാഹനം മുന്നോട്ട് നീങ്ങി താഴേയ്ക്ക് മറിഞ്ഞതെന്നും പോലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here