കശ്മീരില്‍ കഞ്ചാവ് തോട്ടം; അര്‍ബുദത്തിനടക്കം മരുന്ന് നിര്‍മിക്കാന്‍ കേന്ദ്രത്തിന്റെ പദ്ധതി

0
171

ന്യൂഡല്‍ഹി: കഞ്ചാവില്‍നിന്ന് ഔഷധനിര്‍മാണത്തിന് പദ്ധതിയുമായി രാജ്യം. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ (സി.എസ്.ഐ.ആര്‍) കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡഗ്രേറ്റീവ് മെഡിസിന്‍ (ഐ.ഐ.ഐ.എം.)കഞ്ചാവ് ഗവേഷണ പദ്ധതി വഴി മരുന്ന് ഉത്പാദിപ്പിക്കാന്‍ ഒരുങ്ങുന്നത്. കനേഡിയന്‍ സ്ഥാപനമായ ഇന്‍ഡസ് സ്‌കാനുമായി സഹകരിച്ചുള്ള പദ്ധതി, ദുരുപയോഗം ചെയ്യപ്പെടുന്ന പദാര്‍ഥത്തില്‍ മനുഷ്യന് ഗുണമുണ്ടാക്കുന്ന മരുന്ന് നിര്‍മിക്കുന്നത് സാധ്യമാക്കുമെന്ന് കഴിഞ്ഞ ദിവസം ശാസ്ത്ര- സാങ്കേതിക മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് വ്യക്തമാക്കിയിരുന്നു.

വിവിധ നാഡീരോഗങ്ങള്‍ക്കും പ്രമേഹത്തിനും അര്‍ബുദത്തിനും അപസ്മാരത്തിനുമായി ഉന്നതനിലവാരത്തിലുള്ള മരുന്ന് നിര്‍മിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ജമ്മുവിലെ ഛത്തയില്‍ സി.എസ്.ഐ.ആര്‍- ഐ.ഐ.ഐ.എം ഛത്തയില്‍ കഞ്ചാവ് തോട്ടം വികസിപ്പിച്ചിട്ടുണ്ട്. ഒരേക്കറില്‍ പ്രത്യേക സംരക്ഷിത മേഖലയായാണ് തോട്ടം പരിപാലിക്കപ്പെടുന്നത്. കനേഡിയന്‍ കമ്പനിയുമായി പൊതു- സ്വകാര്യ പങ്കാളിത്തത്തിലാണ് പദ്ധതി.

ആത്മനിര്‍ഭര്‍ ഭാരതുമായി ബന്ധപ്പെട്ടും പദ്ധതി വളരെ പ്രധാനപ്പെട്ടതാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് പറഞ്ഞിരുന്നു. രണ്ടുവര്‍ഷത്തിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം ലഭിച്ചത്. കരാര്‍ ഒപ്പിട്ടതിന് പിന്നാലെ കഞ്ചാവ് തോട്ടം തയ്യാറാക്കി. കനേഡിയന്‍ കമ്പനിയുമായുള്ള സഹകരണം വഴി മരുന്നുകളുടെ വിദേശ കയറ്റുമതിയും കേന്ദ്രം ലക്ഷ്യമിടുന്നുണ്ട്. പദ്ധതി വഴി ജമ്മു- കശ്മീരിലേക്ക് കൂടുതല്‍ നിക്ഷേപം വരുമെന്നും കേന്ദ്രം പ്രതീക്ഷിക്കുന്നു.

വലിയ അളവിലുള്ള മുന്തിയ ഇനം കഞ്ചാവ് വളര്‍ത്തിയെടുക്കാനാണ് ഛത്തയിലെ തോട്ടം വഴി ലക്ഷ്യമിടുന്നത്. ശരിയായ വളര്‍ച്ചയ്ക്കുവേണ്ട കാലാവസ്ഥാ ക്രമീരകരണം നടത്തിയ ഗ്ലാസ് ഹൗസുകളിലടക്കമാണ് കൃഷി. മരുന്ന് വികസിപ്പിക്കാനാവശ്യമായ കന്നാബിയോയിഡ് ഉള്ളടക്കം വികസിപ്പിക്കാനും ഇവിടെ ഗവേഷണം നടക്കുന്നുണ്ട്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച കഞ്ചാവിന്റെ 500 തരം വൈവിധ്യങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

ഓക്കാനം ഛര്‍ദ്ദി എന്നിവയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരില്‍നോള്‍, നബിലോണ്‍, സീസ്‌മെറ്റ് എന്നീ മരുന്നുകള്‍ കഞ്ചാവില്‍നിന്ന് വികസിപ്പിക്കാന്‍ നിലവില്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. നാഡീവേദനയ്ക്കും പക്ഷാഘാതത്തിനുമുള്ള സറ്റൈവെക്‌സ്, അപസ്മാരത്തിനുള്ള എപ്പിഡിയോലെക്‌സ്, കന്നാബിഡിയോള്‍ എന്നിവയും വികസിപ്പിക്കാന്‍ എഫ്.ഡി.എയുടെ അനുമതിയുണ്ട്. പലരാജ്യങ്ങളിലും ഇത് ഉപയോഗിച്ചു വരുന്നുമുണ്ട്. ഈ ദിശയലില്‍ ഇന്ത്യയിലെ ആദ്യത്തെ സംരംഭമാവാനാണ് ജമ്മുവിലെ പദ്ധതി വഴി കേന്ദ്രം ശ്രമിക്കുന്നത്. കഞ്ചാവ് ശാസ്ത്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള നയരൂപീകരണ ശ്രമങ്ങള്‍ ഉത്തരാഘണ്ഡ്, ഉത്തര്‍പ്രദേശ്, മണിപ്പുര്‍, മധ്യപ്രദേശ്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here