കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പണം നേടിത്തരാമെന്ന് വിശ്വസിപ്പിച്ച് നിരവധി പേരെ കബളിപ്പിച്ചു; ഉപ്പള സ്വദേശി കര്‍ണാടകയില്‍ പിടിയില്‍

0
143

പുത്തൂര്‍: കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പണം ലഭിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തു തരാമെന്ന് വിശ്വസിപ്പിച്ച് നിരവധി പേരില്‍ നിന്ന് പണവും സ്വര്‍ണവും തട്ടിയെടുക്കുന്നത് പതിവാക്കിയ കാസര്‍കോട് ഉപ്പള സ്വദേശി കര്‍ണാടകയില്‍ പൊലീസ് പിടിയിലായി. ഉപ്പള കൈക്കമ്പ സ്വദേശി മുഹമ്മദ് മുസ്തഫ ടി.എം എന്ന കാത്തി മുസ്തഫ(46)യെയാണ് ഉപ്പിനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. മുതിര്‍ന്ന പൗരനെ കബളിപ്പിച്ച് 14 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ ചെയിന്‍ തട്ടിയെടുത്ത കേസിലാണ് അറസ്റ്റിലായത്.

മോദി സര്‍ക്കാരില്‍ നിന്നും പലതരത്തില്‍ ആളുകള്‍ക്ക് പണം ലഭിക്കുന്നുണ്ടെന്നും ഇത് ലഭിക്കാന്‍ ആവശ്യമായ സഹായം ചെയ്യാമെന്നും വിശ്വസിപ്പിക്കുകയും ഇതിന് ചെലവുണ്ടെന്നും പറഞ്ഞ് മുതിര്‍ന്ന പൗരനില്‍ നിന്ന് സ്വര്‍ണ ചെയിന്‍ വാങ്ങിയാണ് വഞ്ചിച്ചത്. സ്വര്‍ണ ചെയിന്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് മുസ്തഫ പൊലീസിന്റെ പിടിയിലായത്. കടബയിലെ ഡോളപ്പാടി, മര്‍ദാല എന്നിവിടങ്ങളിലും സമാനമായ തട്ടിപ്പ് നടത്തിയതിന് കേസെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്ത് സ്വര്‍ണാഭരണങ്ങള്‍ പൊലീസ് കണ്ടെടുക്കുകയും ചെയ്തു.

താനൊരു ബാങ്ക് ജീവനക്കാരനാണെന്നും ഒരാള്‍ ആധാര്‍ കാര്‍ഡിനൊപ്പം 7,000 രൂപ നല്‍കിയാല്‍ അവരുടെ അക്കൗണ്ടിലേക്ക് കേന്ദ്ര സര്‍ക്കാരിന്റെ പണം ട്രാന്‍സ്ഫര്‍ ചെയ്യാമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. തട്ടിപ്പിനിരയായ പലരും അപമാനം ഭയന്ന് പരാതി നല്‍കാത്തത് മുതലെടുത്തായിരുന്നു തട്ടിപ്പുകള്‍. ആളുകളുടെ കയ്യില്‍ പണമില്ലെങ്കില്‍ മുസ്തഫ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയാണ് തട്ടിപ്പ് നടത്താറുള്ളതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

LEAVE A REPLY

Please enter your comment!
Please enter your name here