മുംബൈ: മുംബൈയിലെ ചെമ്പൂർ കോളേജിൽ ബുർഖ ധരിച്ചെത്തിയെ വിദ്യാർഥികളെ തിരിച്ചയച്ചതിനെ തുടർന്ന് പ്രതിഷേധമുയർന്നു. ജൂനിയർ കോളേജിൽ നിർബന്ധിത യൂണിഫോം നയം നിലവിൽ വന്ന ചൊവ്വാഴ്ച മുതലാണ് ബുർഖയടക്കമുള്ള വസ്ത്രങ്ങൾ വിലക്കിയത്. അതേസമയം, സീനിയർ കോളേജിലെ പെൺകുട്ടികൾക്ക് ക്ലാസ് മുറികളിലും കോളേജിലും ബുർഖയോ ഹിജാബോ ധരിക്കുന്നതിൽ നിന്ന് വിലക്കില്ല. സീനിയർ സെക്കൻഡറി സ്കൂൾ തലത്തിൽ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ജൂൺ 15 മുതൽ എൻ ജി ആചാര്യ, ഡി ജി മറാത്തേ കോളേജുകളിൽ ജൂനിയർ കോളേജ് വിദ്യാർത്ഥികൾക്കായി യൂണിഫോം നിർബന്ധമാക്കി.
ഒരു മാസത്തിലേറെ വിദ്യാർത്ഥികളെ കൗൺസിലിംഗ് നൽകുകയും ഓഗസ്റ്റ് 1 മുതൽ യൂണിഫോം നിർബന്ധമാക്കുകയും ചെയ്തിരുന്നു. ബുർഖ ധരിച്ചെത്തിയ വിദ്യാർഥികളെ പ്രവേശിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് ബുധനാഴ്ച പെൺകുട്ടികൾ ഗേറ്റിന് പുറത്ത് പ്രതിഷേധിച്ചു. ചില വിദ്യാർത്ഥികളും അവരോടൊപ്പം ചേർന്നു. പൊലീസും സമുദായ നേതാക്കളും ഇടപെട്ടതിനെ തുടർന്ന് കോളേജ് യൂണിഫോം അനുവദിക്കാൻ ചൊവ്വാഴ്ച വരെ സമയം അനുവദിച്ചു. യൂണിഫോം നയം കർശനമാണെന്നും ബുർഖ, ഹിജാബ്, ദുപ്പട്ട, തൊപ്പികൾ, ടൈ, സ്റ്റിക്കറുകൾ എന്നിവ അനുവദിക്കില്ലെന്നും പ്രിൻസിപ്പൽ വിദ്യാഗൗരി ലെലെ പറഞ്ഞു. കഴിഞ്ഞ വർഷം കർണാടക കോളേജുകളിൽ സമാന പ്രതിഷേധം നടന്നിരുന്നു. സംഭവം ദേശീയ തലത്തിൽ ചർച്ചയാകുകയും ചെയ്തു.
11, 12 ക്ലാസുകൾ സ്‌കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാണെങ്കിലും സംസ്ഥാനത്തെ കോളേജുകൾക്ക് ഏകീകൃത യൂണിഫോം നയമില്ല. ജൂനിയർ കോളേജ് വിദ്യാർത്ഥികൾക്ക് ഏകീകൃതത കൊണ്ടുവരാൻ അധ്യയന വർഷം മുതൽ യൂണിഫോം നടപ്പാക്കാൻ അഡ്മിനിസ്ട്രേഷൻ തീരുമാനിച്ചു. അധ്യാപകരിൽ നിന്നാണ് നിർദേശം വന്നത്. ഗവേണിംഗ് കൗൺസിൽ അംഗീകരിക്കുകയും മെയ് മാസത്തിൽ മാതാപിതാക്കളെ അറിയിക്കുകയും ചെയ്തെന്ന് പ്രിൻസിപ്പൽ വിദ്യാഗൗരി ലെലെ അറിയിച്ചു. ചെമ്പൂർ ജിംഖാനയ്ക്ക് സമീപം കോളേജിന് പുറത്ത് പൊലീസിനെ വിന്യസിച്ചു. വിദ്യാർഥികളെ ഉച്ചകഴിഞ്ഞ് മൂന്നിന് ക്ലാസുകളിൽ പങ്കെടുക്കാൻ അനുവദിച്ചു.