കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പ് ബിജെപി ഈ ഡിസംബറില്‍ തന്നെ നടത്താന്‍ സാധ്യതയുണ്ടെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം സംബന്ധിച്ച പുതിയ ബില്‍ പരാമര്‍ശിച്ചാണ് മമതയുടെ പ്രതികരണം. തൃണമൂൽ കോണ്‍ഗ്രസിന്‍റെ യുവജന വിഭാഗത്തിന്‍റെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി.
ബിജെപിയെ മൂന്നാം തവണയും തെരഞ്ഞെടുത്താല്‍ രാജ്യം സ്വേച്ഛാധിപത്യ ഭരണത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് മമത ബാനര്‍ജി വോട്ടര്‍മാരോട് പറഞ്ഞു. ബിജെപിക്ക് മമത മുന്നറിയിപ്പ് നൽകിയതിങ്ങനെ- “ഇടത് മുന്നണിയെ ബംഗാളിൽ നിന്ന് നീക്കം ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് ആരും കരുതിയില്ല. എന്നാല്‍ ഞങ്ങളവരെ നീക്കി. ബിജെപിയെ കേന്ദ്രത്തിൽ നിന്ന് നീക്കം ചെയ്യണമെങ്കിൽ… ഞങ്ങൾ അത് ചെയ്യും. ഇന്ന് ബി.ജെ.പിക്ക് മാത്രമാണ് സ്വാതന്ത്ര്യം. മറ്റാർക്കും സംസാരിക്കാൻ സ്വാതന്ത്ര്യമില്ല. ബി.ജെ.പി വീണ്ടും അധികാരത്തിൽ വന്നാൽ അവര്‍ ഭരണഘടന തന്നെ മാറ്റും.”
തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ അഭിഷേക് ബാനർജി ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് അറസ്റ്റ് ചെയ്യപ്പെടുമെന്നും മമത ബാനര്‍ജി പറഞ്ഞു. അഭിഷേക് ബാനര്‍ജി സിഇഒ ആയ കമ്പനിയില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് മമത ബാനര്‍ജിയുടെ പ്രതികരണം. മമത ബാനര്‍ജിയുടെ അനന്തരവനാണ് അഭിഷേക് ബാനര്‍ജി.
“അവർ (ഇഡി) എനിക്കൊരു സന്ദേശം അയച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് അഭിഷേക് ബാനർജിയെ അറസ്റ്റ് ചെയ്യും. അവർ എന്താണ് ചെയ്തതെന്ന് നോക്കൂ. അവർ അവന്‍റെ കമ്പ്യൂട്ടറിൽ ഫയലുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. നിങ്ങൾ കമ്പ്യൂട്ടറില്‍ മിടുക്കരാണെന്ന് കരുതുന്നുണ്ടാവും. പക്ഷെ ഞങ്ങളെ വിലകുറച്ച് കാണരുത്”-
രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്താന്‍ ബിജെപി അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന് മമത ബാനര്‍ജി പല തവണ ആരോപിച്ചിട്ടുണ്ട്- “പൂട്ട് പൊളിച്ച് ഇ.ഡി വീടിനുള്ളില്‍ പ്രവേശിക്കുകയാണ്. സ്ഫോടകവസ്തുക്കള്‍, തോക്ക്, കോടിക്കണക്കിന് രൂപ എന്നിവയിലേതെങ്കിലും അവര്‍ അവിടെ കൊണ്ടുപോയി വെയ്ക്കില്ലെന്ന് എന്ത് ഉറപ്പാണുള്ളത്?”
ഇ.ഡി തെളിവുകള്‍ സൃഷ്ടിക്കുകയാണെന്ന് അഭിഷേക് ബാനര്‍ജി ആരോപിച്ചു. തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്നവരെ തിരിച്ചെത്തിച്ച് നിയമ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു- “ഞാൻ ചികിത്സയ്‌ക്കായി വിദേശത്തേക്ക് പോയി. ഞാൻ മടങ്ങിവരില്ലെന്ന് അവർ മാധ്യമങ്ങളിലൂടെ കിംവദന്തികൾ പ്രചരിപ്പിച്ചു. എന്റെ കുടുംബപ്പേര് (നീരവ്) മോദി എന്നല്ല. എന്റെ കുടുംബപ്പേര് (മെഹുൽ) ചോക്‌സി എന്നല്ല. എന്റെ കുടുംബപ്പേര് (വിജയ്) മല്യ എന്നല്ല. എന്റെ കുടുംബപ്പേര് ബാനർജി എന്നാണ്.”