മൊറാദാബാദ്∙ ഉത്തർപ്രദേശിലെ മൊറാദാബാദിൽ സ്വന്തം വസതിക്ക് പുറത്തുവച്ച് ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. സംഭാല് സ്വദേശിയായ അനുജ് ചൗധരി (34) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. മൊറാദാബാദിലെ പാർശ്വനാഥ് ഹൗസിങ് സൊസൈറ്റിയിലെ വസതിക്ക് പുറത്തുവച്ചാണ് വെടിയേറ്റത്. മറ്റൊരാൾക്കൊപ്പം നടക്കുകയായിരുന്ന അനുജ് ചൗധരിക്കുനേരെ ബൈക്കിലെത്തിയ മൂന്നു പേർ പലതവണ വെടിയുതിർക്കുകയായിരുന്നു. ചൗധരിക്കൊപ്പം ഉണ്ടായിരുന്നത് അദ്ദേഹത്തിന്റെ സഹോദരനാണെന്നും റിപ്പോർട്ടുകളുണ്ട്.
ഗുരുതരമായി പരുക്കേറ്റ ചൗധരിയെ ഉടൻ തന്നെ മൊറാദാബാദിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. രാഷ്ട്രീയ എതിരാളികളാണ് കൊലപാതകത്തിനു പിന്നിലെന്ന് ചൗധരിയുടെ കുടുംബം ആരോപിച്ചു. കൊലപാതകത്തിൽ പങ്കുള്ള അമിത് ചൗധരി, അനികേത് എന്നിവരുടെ പേര് കുടുംബം വെളിപ്പെടുത്തിയാതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ നാലു പേർക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് മൊറാദാബാദ് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.
സംഭാൽ ജില്ലയിലെ എൻചോറ കാംബോ സ്വദേശിയാണ് അനൂജ് ചൗധരി. ബിജെപി കിസാൻ മോർച്ചയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന അനുജ് ചൗധരി, പ്രാദേശിക രാഷ്ട്രീയത്തിൽ സജീവമായിരുന്നു. ഉന്നത ബിജെപി നേതാക്കളുമായും മന്ത്രിമാരുമായും അടുപ്പമുണ്ട്. 2021ൽ അസ്മൗലി ബ്ലോക്ക് ചീഫ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തിരഞ്ഞെടുപ്പിനു ശേഷം ചൗധരിയും ബ്ലോക്ക് ചീഫ് തിരഞ്ഞെടുപ്പിൽ വിജയിച്ച സ്ത്രീയുടെ മകൻ അനികേതും തമ്മിൽ തർക്കമുണ്ടായി. ബ്ലോക്ക് ചീഫിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ചൗധരി പ്രഖ്യാപിച്ചിരുന്നു.
#CCTVCamera footage of sensational murder of @BJP4UP functionary Anuj Chaudhary in #UP's #Moradabad. He was shot dead while he was on evening walk with his brother. @Uppolice have registered an FIR against three men.#UPPolice #YogiKaNayaUP pic.twitter.com/g8YFddawTu
— Sumedha Sharma (@sumedhasharma86) August 10, 2023