റാഞ്ചി: ക്ഷേത്രത്തിലേക്ക് ബീഫ് എറിയുകയും ഇക്കാര്യം ചൂണ്ടിക്കാട്ടി ഹിന്ദുത്വ സംഘടനകള്‍ അക്രമാസക്ത പ്രതിഷേധപരിപാടികള്‍ക്ക് കോപ്പ് കൂട്ടുകയും ചെയ്യുന്നതിനിടെ പ്രതി രാജ്ദീപ് കുമാര്‍ താക്കൂര്‍ അറസ്റ്റില്‍. ഗുംല ജില്ലയിലെ ടേട്ടോയിലെ ശിവക്ഷേത്രത്തിലേക്കാണ് കഴിഞ്ഞയാഴ്ച അജ്ഞാതര്‍ ഇറച്ചിക്കഷ്ണം എറിഞ്ഞത്. സ്വാതന്ത്ര്യദിനാഘോഷരാവിലാണ് സംഭവം. ഇതേതുടര്‍ന്ന് തീവ്ര ഹിന്ദുത്വസംഘടനകളായ വി.എച്ച്.പിയും ബജ്‌റംഗ്ദളും പ്രക്ഷോഭവുമായി രംഗത്തുവരികയും സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തിരുന്നു. മാത്രമല്ല ജില്ലയില്‍ ഇന്ന് വി.എച്ച്.പിയും ബജ്‌റഗ്ദളും ബന്ദിനും ആഹ്വാനവും ചെയ്തിരുന്നു. അക്രമങ്ങള്‍ തടയുന്നതിനായി ‘ഇന്‍ഡ്യ’ മുന്നണിയില്‍പ്പെട്ട ജെ.എം.എം ഭരിക്കുന്ന സംസ്ഥാനത്ത് അര്‍ധസൈന്യത്തെ ഇറക്കി കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കെയാണ് പ്രതിയായ രാജ്ദീപ് കുമാര്‍ താക്കൂര്‍ പിടിയിലാകുന്നത്.
അക്രമം പടരുന്നത് തടയാനായി സംഭവം നടന്നയുടന്‍ പോലീസെത്തി ഇറച്ചി നീക്കം ചെയ്ത് ക്ഷേത്രം വൃത്തിയാക്കുകയായിരുന്നു. ക്ഷേത്രത്തിലേക്ക് മാംസം എറിയുകയും അത് പിന്നീട് വ്യാപക സംഘര്‍ഷത്തിലേക്ക് വഴിമാറുകയും ചെയ്യുന്ന സംഭവങ്ങള്‍ ഉത്തരേന്ത്യയില്‍ സാധാരണയായതോടെ, ഗുംലയിലുണ്ടായ സംഭവം അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എസ്.പിയുടെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. ഈ സംഘമാണ് രാജ്ദീപ് കുമാര്‍ താക്കൂറിനെ അറസ്റ്റ്‌ചെയ്തത്. ഇയാളെ ചോദ്യംചെയ്തുവരികയാണെന്ന് എസ്.ഡി.പി.ഒ മനീഷ് ചന്ദ്രലാല്‍ അറിയിച്ചു. ക്ഷേത്രത്തിലെ വിഗ്രഹം നേരത്തെ തകര്‍ത്തിരുന്നതായും ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.
ഹിന്ദുക്കളുടെ പുണ്യമാസത്തില്‍ ക്ഷേത്രത്തിലേക്ക് മാംസം എറിഞ്ഞ് ആരാധന മുടക്കുകയായിരുന്നു കലാപകാരികളുടെ ലക്ഷ്യമെന്നായിരുന്നു വിഷയത്തില്‍ പരാതി നല്‍കിയ ഹിന്ദുത്വ സംഘടനകള്‍ ചൂണ്ടിക്കാട്ടിയത്. സംഭവത്തിന്റെ മറവില്‍ ജാര്‍ഖണ്ഡിലെ അറവുശാലകള്‍ അടച്ചുപൂട്ടണമെന്നും വി.എച്ച്.പി ആവശ്യപ്പെട്ടിരുന്നു. പ്രതി അറസ്റ്റിലായതോടെ വി.എച്ച്.പി ഇതുവരെ പ്രതികരിച്ചിട്ടില്ല.