കണ്ണൂര്‍ : കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന പതിനഞ്ചുകാരിയുടെ വ്യാജപരാതി പോലീസിനെയും നാട്ടുകാരെയും മണിക്കൂറുകളോളം ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി. ബുധനാഴ്ച രാവിലെ 9.10-ഓടെയാണ് വാര്‍ത്തയുടെ തുടക്കം. നഗരസഭയുടെ പുഴാതി സോണല്‍ ഓഫീസിന് മുന്നിലെ പുലിമുക്ക് റോഡിലൂടെ നടക്കുമ്പോള്‍ തന്നെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി.
വീട്ടില്‍നിന്ന് സ്‌കൂളിലേക്ക് ബസ് കയറാനായി കനാല്‍ റോഡിലൂടെ നടന്നുവരുമ്പോള്‍ കറുപ്പ് നിറമുള്ള വാന്‍ പെട്ടെന്ന് മുന്നില്‍ നിര്‍ത്തുകയും മുഖംമൂടി ധരിച്ച നാലുപേര്‍ പിറകുവശത്തുള്ള വാതില്‍ തുറന്ന് വാനിലേക്ക് കയറ്റാന്‍ ശ്രമിച്ചെന്നും കുതറിയോടി അടുത്തുള്ള കടയുടെ ചുമരിന് സമീപം ഒളിച്ചിരുന്നെന്നും പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞു. ഓടിരക്ഷപ്പെട്ടതോടെ വാന്‍ വേഗത്തില്‍ കക്കാട് ഭാഗത്തേക്ക് ഓടിച്ചുപോയെന്നും കുട്ടി പറഞ്ഞു.
രക്ഷിതാക്കള്‍ ബഹളംവെച്ച് കുട്ടിയെയും കൂട്ടി സംഭവസ്ഥലത്തെത്തി. സ്ഥലത്തെത്തിയ എ.കെ. ഓട്ടോ സെന്റര്‍ ഉടമ എ.കെ. ബിജു പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. ടൗണ്‍ പോലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെയും മാതാപിതാക്കളെയും സ്റ്റേഷനിലേക്ക് എത്തിച്ച് മൊഴി രേഖപ്പെടുത്തി. പോലീസ് ജില്ലയൊട്ടുക്കും ജാഗ്രതാനിര്‍ദേശം നല്‍കി.
വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന വാര്‍ത്ത പരന്നതോടെ പ്രദേശത്തെ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിപേര്‍ റോഡിലിറങ്ങി രോഷം പ്രകടിപ്പിച്ചു. വിവരമറിഞ്ഞ് മാധ്യമപ്രവര്‍ത്തകരും കൂട്ടത്തോടെ സ്ഥലത്തെത്തി.
പെണ്‍കുട്ടികള്‍ക്ക് നേരേ അക്രമം തുടര്‍ന്നാല്‍ ആയുധമെടുത്ത് പോരാടുമെന്നും ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ ഗതി ഇനി ഇവിടെ ആര്‍ക്കും ഉണ്ടാകാന്‍ പാടില്ലെന്നും മേയര്‍ ടി.ഒ. മോഹനന്‍ പറഞ്ഞു.
പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ത്തന്നെ ഇത് കുട്ടിയുണ്ടാക്കിയ കഥയാണെന്ന് പോലീസിന് ബോധ്യപ്പെട്ടു.
സംഭവം നടന്നെന്ന് പറയുന്ന കനാല്‍ റോഡിലെ യൂണിറ്റി സെന്ററിന് മുന്നിലുള്ള സി.സി.ടി.വി. ദൃശ്യം പോലീസ് വിശദമായി പരിശോധിച്ചു. രാവിലെ 8.30 മുതല്‍ 11 വരെയുള്ള സമയങ്ങളില്‍ പെണ്‍കുട്ടി മൊഴിനല്‍കിയ പ്രകാരം കറുത്ത വാന്‍ അതുവഴി കടന്നുപോയിട്ടില്ലെന്ന് വ്യക്തമായി. പെണ്‍കുട്ടിയുടെ മാതാപിതാക്കളെ വിശദമായി ചോദ്യംചെയ്തു.
കുട്ടിയുടെ മൊഴിയിലും വൈരുധ്യങ്ങളുണ്ടായിരുന്നു. മൂന്നുതവണ മൊഴിമാറ്റിപ്പറഞ്ഞു. നഗരത്തിലെ പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിലെ ക്ലാസ് അധ്യാപികയുടെ മൊഴിയും രേഖപ്പെടുത്തി. ചില സന്ദര്‍ഭങ്ങളില്‍ പെണ്‍കുട്ടി വിരുദ്ധമായി പെരുമാറാറുണ്ടെന്ന് അധ്യാപികയും മൊഴി നല്‍കി.
തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചില്ലെന്നും കുട്ടി വ്യാജകഥയുണ്ടാക്കിയതാണെന്നും എ.സി.പി. ടി.കെ. രത്‌നകുമാര്‍ പറഞ്ഞു. പാലക്കാട് സ്വദേശിയാണ് കുട്ടിയുടെ അച്ഛന്‍. പുലിമുക്കിലാണ് താമസം.