കേരളത്തിൽ ഒരു ദിവസം പത്ത് പോക്സോ കേസെങ്കിലും റിപ്പോർട്ട് ചെയ്യുന്നു, ഞെട്ടിക്കുന്ന കണക്കുകൾ

0
154

തിരുവനന്തപുരം: സാക്ഷര കേരളത്തെ നാണിപ്പിച്ചുകൊണ്ട് കുഞ്ഞുങ്ങൾക്കെതിരായ ലൈംഗിക അതിക്രമക്കേസുകൾ കുതിച്ചുയരുന്നു. ഈ വർഷം മാത്രം രജിസ്റ്റർ ചെയ്തത് രണ്ടായിരത്തിലധികം കേസുകൾ. ഒരു ദിവസം പത്ത് പോക്സോ കേസെങ്കിലും റിപ്പോർട്ട് ചെയ്യുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

ആലുവയില്‍ നാലു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയിട്ട് ദിവസങ്ങള്‍ മാത്രം. മധുരം വാങ്ങി നല്‍കി കൂടെക്കൂട്ടിയ കുരുന്നിനെ പ്രതി അതിപൈശാചികമായി കൊന്നു തള്ളി. ആലുവയുടെ ഞെട്ടൽ മാറും മുമ്പ് തന്നെ തിരൂരങ്ങാടിയിൽ അടുത്ത കുരുന്ന് പീഡിപ്പിക്കപ്പെട്ടു. ഇത്തരത്തിൽ കേരളത്തിലെ ബാലപീഡനങ്ങൾ ഞെട്ടിക്കും വിധം വർധിക്കുന്നു എന്നാണ് കണക്കുകൾ പറയുന്നത്.

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കെടുത്താൽ രേഖപ്പെടുത്തിയ പോക്സോ കേസുകളുടെ എണ്ണം 16,944. ഇതിൽ കുരുന്നുകള്‍ പീഡിപ്പിക്കപ്പെട്ട കേസുകൾ 6,583. കൊല്ലപ്പെട്ട കുരുന്നുകള്‍ 126. അതായത് കഴിഞ്ഞ അഞ്ചു വർഷത്തെ പ്രതിവർഷ ശരാശരി 1316. ഇനി ഈ വർഷത്തെ കണക്കുകൾ നോക്കാം. ഏഴു മാസം മാത്രം രേഖപ്പെടുത്തിയത് 2234 പോക്സോ കേസുകൾ. പീഡിപ്പിക്കപ്പെട്ട കുരുന്നുകള്‍ 833. കൊല്ലപ്പെട്ടത് എട്ട് കുരുന്നുകള്‍.

അടുത്തിടെ,  എറണാകുളം മട്ടാഞ്ചേരിയിൽ വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തിരുന്നു. മട്ടാഞ്ചേരി സ്വദേശി ജഹാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് മട്ടാഞ്ചേരി പൊലീസ് അറിയിച്ചു.

പിടിയിലായ മദ്രസ അധ്യാപകനെ ചോദ്യം ചെയ്തുവരികയാണെന്നും ഇയാള്‍ മറ്റ് കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. അതിനിടെ തിരുവനന്തപുരം പൂവ്വാറിൽ പത്തും പന്ത്രണ്ടും വയസ്സുള്ള സഹോദരിമാർക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടികളെ ഒരു വർഷത്തോളം പീഡിപ്പിച്ച മുൻ സൈനികനായ ഷാജി ആണ് പിടിയിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here