ലണ്ടന്‍: ലോക മുന്‍ ഒന്നാം നമ്പര്‍ ട്വന്‍റി 20 ബാറ്ററായ ഇംഗ്ലണ്ടിന്‍റെ അലക്‌സ് ഹെയ്‌ല്‍സ് രാജ്യാന്തര വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനായി മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുള്ള താരം മുപ്പത്തിനാലാം വയസിലാണ് 12 വര്‍ഷത്തോളം നീണ്ട അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് ബൈ പറയുന്നത്. ഫ്രാഞ്ചൈസി ലീഗുകളില്‍ തുടര്‍ന്നും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഹെയ്‌ല്‍സിന്‍റെ തീരുമാനം. ഇംഗ്ലണ്ടിനായി 2022ല്‍ ട്വന്‍റി 20 ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്നു. 2011 ഓഗസ്റ്റില്‍ ഇന്ത്യക്കെതിരെ ട്വന്‍റി 20 കളിച്ചായിരുന്നു രാജ്യാന്തര അരങ്ങേറ്റം. രാജ്യാന്തര ക്രിക്കറ്റില്‍ 156 മത്സരങ്ങളില്‍ 5066 റണ്‍സ് കണ്ടെത്തി.
‘മൂന്ന് ഫോര്‍മാറ്റുകളിലുമായി 156 മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചതില്‍ സന്തോഷമുണ്ട്. ഇംഗ്ലണ്ട് കുപ്പായത്തില്‍ വലിയ ഉയര്‍ച്ചകളും വലിയ വീഴ്‌ചകളും അനുഭവിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനായുള്ള അവിസ്‌മരണീയ ക്രിക്കറ്റ് യാത്ര ലോകകപ്പ് കിരീടം നേടിക്കൊണ്ടാണ് അവസാനിച്ചത് എന്നത് വലിയ അഭിമാനമാണ്’ എന്നും അലക്‌സ് ഹെയ്‌ല്‍സ് പ്രസ്‌താവനയില്‍ പറഞ്ഞു. 2022ലെ ട്വന്‍റി 20 ലോകകപ്പ് ഫൈനലില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ ഫൈനലില്‍ പാകിസ്ഥാന് എതിരെയായിരുന്നു അലക്‌സ് ഹെയ്‌ല്‍സിന്‍റെ അവസാന രാജ്യാന്തര മത്സരം. ഈ വര്‍ഷാദ്യം ഇംഗ്ലണ്ടിന്‍റെ ബംഗ്ലാദേശ് ട്വന്‍റി 20 പര്യടനത്തില്‍ നിന്ന് താരം വിട്ടുനിന്നിരുന്നു. ന്യൂസിലന്‍ഡിന് എതിരായ ട്വന്‍റി 20 പരമ്പരയും നഷ്‌ടമായി. ഏകദിന ഫോര്‍മാറ്റില്‍ നാല് വര്‍ഷം മുമ്പ് അവസാനമായി ഇറങ്ങിയ താരം ഈ വര്‍ഷത്തെ ലോകകപ്പ് പദ്ധതികളിലുണ്ടായിരുന്നില്ല. എന്നാല്‍ അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിന് താരമുണ്ടാകും എന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. അലക്‌സ് ഹെയ്‌ല്‍സ് കളമൊഴിയുന്നതോടെ വില്‍ ജാക്‌സും ഫീല്‍ സാള്‍ട്ടും ഉള്‍പ്പടെയുള്ള താരങ്ങള്‍ക്ക് അവസരമൊരുങ്ങും.
കഴിഞ്ഞ ട്വന്‍റി 20 ലോകകപ്പില്‍ നിര്‍ണായക ഇന്നിംഗ്‌സുകള്‍ അലക്‌സ് ഹെയ്‌ല്‍സ് ഇംഗ്ലണ്ടിനായി കളിച്ചിരുന്നു. അവസാന രണ്ട് ഗ്രൂപ്പ് മത്സരങ്ങളില്‍ ന്യൂസിലന്‍ഡിനെതിരെ 52 ഉം ശ്രീലങ്കയ്‌ക്കെതിരെ 47 ഉം റണ്‍സ് നേടി. അഡ്‌ലെയ്‌ഡിലെ സെമി ഫൈനലില്‍ ഇന്ത്യയെ 10 വിക്കറ്റിന് തകര്‍ത്തപ്പോള്‍ പുറത്താകാതെ 86 റണ്‍സ് നേടി. എന്നാല്‍ ഫൈനലില്‍ ഷഹീന്‍ അഫ്രീദിയുടെ രണ്ടാം പന്തില്‍ ഒരു റണ്ണുമായി പുറത്തായി. എങ്കിലും ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് ജയത്തോടെ കിരീടം സ്വന്തമാക്കി. ഇംഗ്ലണ്ടിനായി 11 ടെസ്റ്റുകളില്‍ 573 ഉം 70 ഏകദിനങ്ങളില്‍ 2419 ഉം 75 രാജ്യാന്തര ട്വന്‍റി 20കളില്‍ 2074 റണ്‍സും നേടി. ടി20 കരിയറില്‍ 147 ശരാശരിയില്‍ 11000ത്തിലേറെ റണ്‍സ് അലക്‌സ് ഹെയ്‌ല്‍സിനുണ്ട്.