പിടിവീഴുന്നത് ഹെല്‍മറ്റിനും സീറ്റ്ബെല്‍റ്റിനും മാത്രം; നിയമം ലംഘിക്കുന്ന വലിയ വാഹനങ്ങളെ കാണാതെ AI

0
168

കോടികളുടെ ചെലവില്‍ സ്ഥാപിച്ച എ.ഐ. ക്യാമറകള്‍ ‘പിടിക്കുന്നത്’ ചെറുവാഹനങ്ങളെ മാത്രം. വലിയവാഹനങ്ങളുടെ നിയമലംഘനങ്ങള്‍ക്കുനേരെ ‘കണ്ണുതുറക്കാതെ’യാണ് ക്യാമറയുടെ പ്രവര്‍ത്തനം. സംസ്ഥാനത്തെ എ.ഐ. ക്യാമറകള്‍ ആകെ പിടിക്കുന്നത് ഹെല്‍മെറ്റ് ധരിക്കാത്ത യാത്ര, രണ്ടിലധികംപേര്‍ ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുന്നത്, സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള യാത്ര എന്നിവമാത്രം.

അമിതലോഡുമായി പായുന്ന ടോറസ് പോലുള്ള വലിയവാഹനങ്ങളുടേതടക്കമുള്ള നിയമലംഘനങ്ങള്‍ ക്യാമറക്കണ്ണില്‍ പതിയുന്നില്ലെന്ന് കെല്‍ട്രോണ്‍ പുറത്തുവിട്ട രേഖകളില്‍നിന്ന് വ്യക്തം. സംസ്ഥാനത്ത് ദേശീയപാതകളിലുള്‍പ്പടെ 726 എ.ഐ. ക്യാമറകളാണുള്ളത്. ജൂണ്‍ ആദ്യവാരംമുതല്‍ പ്രവര്‍ത്തനം തുടങ്ങിയ ക്യാമറകള്‍ ഒരുമാസത്തിനകം 20 ലക്ഷത്തിലേറെ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതെല്ലാം ചെറുവാഹനങ്ങളുടെ നിയമലംഘനങ്ങള്‍ മാത്രമാണ്.

രൂപമാറ്റംവരുത്തി അമിതഭാരം കയറ്റി പായുന്ന ടോറസ് വാഹനങ്ങള്‍ ഒട്ടേറെയുണ്ട്. ഇവ നിയന്ത്രണംവിട്ട് അപകടങ്ങളുണ്ടാകുന്നതും പതിവാണ്. പാലക്കാടുമുതല്‍ ഇടപ്പള്ളിവരെയുള്ള ദേശീയപാതയില്‍ സന്നദ്ധസംഘടനയായ ‘നേര്‍ക്കാഴ്ച’ നടത്തിയ ഏകദിന സര്‍വേയില്‍ 443 ടോറസ് വാഹനങ്ങള്‍ നിയമലംഘനങ്ങള്‍ നടത്തുന്നതായി കണ്ടെത്തിയിരുന്നു.

ഇതേത്തുടര്‍ന്ന് ‘നേര്‍ക്കാഴ്ച’ അസോസിയേഷന്‍ ഡയറക്ടര്‍ പി.ബി. സതീഷ് വിവരാവകാശനിയമപ്രകാരം കെല്‍േട്രാണിന് അപേക്ഷ നല്‍കി. വലിയവാഹനങ്ങളുടെ നിയമലംഘനങ്ങള്‍ എ.ഐ. ക്യാമറ പകര്‍ത്തി കണ്‍ട്രോള്‍ റൂമിലേക്ക് അയക്കുന്നില്ലെന്നാണ് കെല്‍ട്രോണിന്റെ മറുപടി. ഈ വാഹനങ്ങള്‍ പിടികൂടിയിരുന്നെങ്കില്‍ അമിതഭാരത്തിനും നികുതിവെട്ടിപ്പിനും ദിവസം 14 കോടി രൂപ സര്‍ക്കാരിന് ലഭിച്ചേനെ.

LEAVE A REPLY

Please enter your comment!
Please enter your name here