ഓണക്കാലത്തെ തീരാനോവ്; അച്ഛന്റെ കൺമുന്നിൽ മൂന്ന് പെൺമക്കൾ മുങ്ങിമരിച്ചു, അപകടം മണ്ണാർക്കാട്

0
444

പാലക്കാട്: ഓണം അവധിക്ക് സ്വന്തം വീട്ടിൽ ഒത്തുകൂടിയ മൂന്ന് സഹോദരങ്ങൾ അച്ഛന്റെ കൺമുന്നിൽ മുങ്ങിമരിച്ചു. മണ്ണാർക്കാട് ഭീമനാട് പെരുങ്കുളത്തിലാണ് ഇന്ന് ഉച്ചയോടെ അപകടം നടന്നത്. റംഷീന (23) നാഷിദ (26) റിൻഷി (18) എന്നിവരാണ് മരിച്ചത്. അച്ഛൻ വസ്ത്രങ്ങൾ അലക്കിക്കൊണ്ടിരിക്കെ തൊട്ടപ്പുറത്തായി കുളിക്കാനിറങ്ങിയ മക്കളിലൊരാൾ വെള്ളത്തിൽ താഴ്ന്നുപോയി. രക്ഷിക്കാൻ ചാടിയ മറ്റ് രണ്ട് പേരും അപകടത്തിൽ പെടുകയായിരുന്നു. അപകടം കണ്ട് സ്തബ്ധനായ പിതാവിന് ഒച്ചവെക്കാൻ പോലും കഴിയാത്ത മാനസികാവസ്ഥയിലായി. അരമണിക്കൂറോളം കഴിഞ്ഞാണ് മൂന്ന് പേരെയും വെള്ളത്തിൽ നിന്ന് പുറത്തെടുത്തത്.

ഒരേക്കറോളം വിസ്തൃതിയുള്ള വലിയ കുളമാണ് ഇത്. പതിവായി ആളുകൾ കുളിക്കാനെത്തുന്നതാണ് ഇവിടെ. മരിച്ച റംഷീനയും നാഷിദയും വിവാഹിതരാണ്. റിൻഷി അവിവാഹിതയാണ്. ഓണം അവധിക്ക് സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു റംഷീനയും നാഷിദയും. അപകടം നടന്ന കുളം അൽപ്പം ഉൾപ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. നിസ്സഹായനായ പിതാവിന് മക്കളുടെ മരണം കണ്ടുനിൽക്കേണ്ടി വന്നു. ഇതുവഴി വന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് വിവരം നാട്ടുകാരെ അറിയിച്ചത്. അപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു.

പിന്നാലെ നാട്ടുകാർ മൂന്ന് പേരെയും കരക്കെത്തിച്ചു. മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേർ മരിച്ചിരുന്നു. അൽപ്പം ജീവൻ ബാക്കിയുണ്ടായിരുന്ന മൂന്നാമത്തെയാളെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പിന്നാലെ മൂന്ന് പേരും മരിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ പോസ്‌റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി സംസ്കരിക്കും.

മക്കൾ മുങ്ങിത്താഴുന്നത് കണ്ട് എന്ത് ചെയ്യുമെന്നറിയാതെ പിതാവ് സ്തബ്ധനായി പോയെന്നും അലറിവിളിക്കാൻ പോലും ശബ്ദം പുറത്തേക്ക് വന്നില്ലെന്നും പഞ്ചായത്തംഗം പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് നിലവിളിച്ച് ആളെ കൂട്ടിയത്. ഒരു ഏക്കറോളം വിസ്തൃതിയുള്ളതാണ് ഈ കുളം. അപകടം നടന്ന് അര മണിക്കൂറോളം കഴിഞ്ഞാണ് സ്ഥലത്തേക്ക് ആളുകളെത്തിയത്. കുളം ജനവാസ മേഖലയിൽ നിന്ന് ഉള്ളിലായതിനാൽ അപകട വിവരം പുറത്തറിയാൻ വൈകിയെന്നും വാർഡംഗം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here