മംഗളൂരു: സിന്തറ്റിക് മയക്കുമരുന്നായ 200 ഗ്രാം എം.ഡി.എം.എയുമായി 4 പേരെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. സിറ്റി ക്രൈംബ്രാഞ്ചാണ് ആണ് രണ്ട് ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ എം.ഡി.എം.എ കടത്തിയ മഞ്ചേശ്വരം സ്വദേശികളെ അറസ്റ്റു ചെയ്‌തത്. മഞ്ചേശ്വരം ഉദ്യാവാര്‍ സ്വദേശികളായ എം.എന്‍ മുഹമ്മദ് ഹനീഫ്(47), സയ്യിദ് ഫൗസാന്‍(30), കുഞ്ചത്തൂരിലെ സിറാജുദ്ദീന്‍ അബൂബക്കര്‍(35) എന്നിവരെ കങ്കനാടി റോഡില്‍ വച്ചാണ് അറസ്റ്റു ചെയ്‌തത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്വിഫ്‌റ്റ് കാറില്‍ നിന്നു 100 ഗ്രാം എം ഡി എം , 4000 രൂപ, മയക്കുമരുന്ന് തൂക്കുന്നതിനുള്ള ഇലക്‌ട്രോണിക്‌സ് ത്രാസ് എന്നിവ പിടികൂടിയതായി പൊലീസ് അറിയിച്ചു. മറ്റൊരു സംഭവത്തില്‍ മീയാപദവ് സ്വദേശി വി കെ ഇബ്രാഹിം ഹര്‍ഷാദ് (30) ആണ് അറസ്റ്റിലായത്. കങ്കനാടി റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ വച്ച് 100 ഗ്രാം എം ഡി എംഎയുമായാണ് ഇയാൾ പിടിയിലായത്. ഇയാളില്‍ നിന്നു 1000 രൂപ, മൊബൈല്‍ ഫോണ്‍, ഇലക്‌ട്രോണിക്‌സ് ത്രാസ് എന്നിവയും പിടികൂടി. ഇയാള്‍ക്കെതിരെ പുത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ കഞ്ചാവ് കേസും മഞ്ചേശ്വരം, കുമ്പള പൊലീസ് സ്റ്റേഷനുകളിലായി അടിപിടികേസുകളും ഉണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കും. എം.ഡി.എം.എ ചില്ലറ വിൽക്കുന്നവരാണ് പിടിയിലായവരെന്ന് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വ്യക്തമാക്കി.