സ്വത്വം മറച്ചുവച്ച് വിവാഹം കഴിച്ചാൽ 10 വർഷം തടവ്; വിവാഹ വാഗ്ദാനം നൽകി പീഡനവും ഇനി ‘കുറ്റകൃത്യം’

0
168

ന്യൂഡൽഹി: സ്വന്തം സ്വത്വം മറച്ചുവച്ച് വിവാഹം കഴിച്ചാൽ ഇനി പത്തു വർഷത്തെ തടവുശിക്ഷ അനുഭവിക്കേണ്ടിവരും. വിവാഹമോ ജോലിയോ സ്ഥാനക്കയറ്റമോ വാഗ്ദാനം നൽകി പീഡിപ്പിക്കുന്നതും ഇനി പത്തു വർഷം തടവുശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാകും. പുതുതായി വരാൻ പോകുന്ന ക്രിമിനൽ നിയമങ്ങളിലാണു വിവാഹവും ലൈംഗികബന്ധവുമായി ബന്ധപ്പെട്ടുള്ള കടുത്ത ശിക്ഷകളുള്ളത്.

ഇതാദ്യമായാണ് ഇത്തരം കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാനായി പ്രത്യേക വകുപ്പ് ഇന്ത്യൻ ശിക്ഷാനിയമത്തിൽ ഉൾപ്പെടുത്തുന്നത്. ഐ.പി.സി, സി.ആർ.പി.സി ഉൾപ്പെടെയുള്ള ഇന്ത്യൻ ക്രിമിനൽ നിയമങ്ങൾ പൊളിച്ചെഴുതുന്ന മൂന്ന് ബില്ലുകൾ ആഗസ്റ്റ് 11നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയിൽ അവതരിപ്പിച്ചിരുന്നു. പുതിയ നിയമങ്ങളിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്കു പ്രത്യേക വകുപ്പുകളുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളും അവർ നേരിടുന്ന ഒരുപാട് പ്രശ്‌നങ്ങളും ബില്ലിൽ അഭിസംബോധന ചെയ്യുന്നുണ്ട്. വ്യാജ വാഗ്ദാനങ്ങൾ നൽകി പീഡിപ്പിക്കുന്നതും വ്യാജ സ്വത്വം കാണിച്ചു വിവാഹം കഴിക്കുന്നതുമെല്ലാം കുറ്റകൃത്യമാകുന്നതും ഇതാദ്യമായാണെന്നും അമിത് ഷാ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. വിവാഹ വാഗ്ദാനം ഉൾപ്പെടെ നൽകി പീഡിപ്പിക്കുന്ന സംഭവങ്ങളിൽ കോടതി ശിക്ഷ നൽകാറുണ്ടെങ്കിലും ഇക്കാര്യം കൈകാര്യം ചെയ്യാനായി പ്രത്യേക നിയമം ഐ.പി.സിയിൽ ഉണ്ടായിരുന്നില്ല.

വ്യാജ പേരുകളിലുള്ള മിശ്രവിവാഹം തടയാൻ വേണ്ടിയാണു സ്വത്വം മറച്ചുവച്ചുള്ള വിവാഹങ്ങൾ കുറ്റകൃത്യമാക്കുന്നതെന്ന് മുതിർന്ന ക്രിമിനൽ അഭിഭാഷക ശിൽപി ജെയിൻ പറഞ്ഞു. ഇരയെ തെറ്റിദ്ധരിപ്പിച്ച് സമ്മതം നേടിയാണ് ഇത്തരം കേസുകളിൽ വിവാഹം നടക്കുന്നതെന്നും അവർ ആരോപിച്ചു. അതേസമയം, ജോലിയും സ്ഥാനക്കയറ്റവും വാഗ്ദാനം ചെയ്തുള്ള ലൈംഗികബന്ധവും വിവാഹവാഗ്ദാനം നൽകിയുള്ള പീഡനവും താരതമ്യപ്പെടുത്താനാകില്ലെന്നും ശിൽപി അഭിപ്രായപ്പെട്ടു. വിവാഹം സ്‌നേഹത്തിലും വിശ്വാസത്തിലും അടിസ്ഥാനമായ സംഗതിയാണെങ്കിൽ സ്വാർത്ഥതാൽപര്യങ്ങൾക്കു വേണ്ടിയുള്ളതാണ് മറ്റുള്ളതെന്നും അവർ ചൂണ്ടിക്കാട്ടി.

ഇന്ത്യൻ പീനൽ കോഡ്, കോഡ് ഓഫ് ക്രിമിനൽ പ്രൊസീജ്യർ, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നീ നിയമങ്ങൾ ഭേദഗതി ചെയ്തുകൊണ്ടുള്ള മൂന്ന് ബില്ലുകളാണ് ഇന്നലെ അമിത് ഷാ പാർലമെന്റിൽ അവതരിപ്പിച്ചത്. പുതിയ നിയമത്തിൽ ഐ.പി.സി ഭാരതീയ ന്യായ സംഹിത, 2023 എന്ന പേരിൽ അറിയപ്പെടും. സി.ആർ.പി.സി ഇനി ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയും എവിഡൻസ് ആക്ട് ഭാരതീയ സാക്ഷ്യവുമാകും. പുതിയ ബില്ലുകൾ പാർലമെന്റിന്റെ സ്റ്റാൻഡിങ് കമ്മിറ്റിക്കു വിടും.

ബ്രിട്ടീഷുകാർ കൊണ്ടുവന്ന രാജ്യദ്രോഹക്കുറ്റം പിൻവലിച്ചു പകരം പുതിയ നിയമം കൊണ്ടുവരുമെന്നും അമിത് ഷാ പ്രഖ്യാപിച്ചിട്ടുണ്ട്. ആൾക്കൂട്ട ആക്രമണങ്ങൾ വധശിക്ഷയോ ജീവപര്യന്തം തടവുശിക്ഷയോ ലഭിക്കുന്ന കുറ്റകൃത്യമാകുമെന്നും പ്രഖ്യാപനമുണ്ട്. കൂട്ടബലാത്സംഗത്തിന് 20 വർഷം തടവ് ലഭിക്കും. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാകും.

LEAVE A REPLY

Please enter your comment!
Please enter your name here