‘ദുരൂഹ സാഹചര്യത്തിൽ കാർ, പെട്ടിയിൽ ഹൃദയം, കരൾ, നാക്ക് തുടങ്ങി ആന്തരിക അവയവങ്ങൾ’, ഞെട്ടി പൊലീസ്, ട്വിസ്റ്റ്…

0
224

തേനി: തമിഴ്നാട്ടിലെ  തേനിക്ക് സമീപം ഉത്തമപാളയത്ത് പൊലീസ് പിടികൂടിയ ആന്തരിക അവയവങ്ങളുടെ അവശിഷ്ടങ്ങൾ ആടിൻറേതെന്ന് പിടിയിലായവർ മൊഴി നൽകി. പ്രാഥമിക ഫൊറൻസിക് പരിശോധനയിലും ആന്തരികാവയവങ്ങള്‍ മൃഗത്തിൻറേതാണെന്ന് കണ്ടെത്തി. ദുർമന്ത്രവാദത്തിൻറെ ഭാഗമായുള്ള തട്ടിപ്പാണന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വെള്ളിയാഴച പുലർച്ചെ മുതലാണ് സംഭവങ്ങളുടെ തുടക്കം. സംശയാസ്പദമായ സാഹചര്യത്തിലെത്തിയ ഒരു വാഹനം ഉത്തമ പാളയം പൊലീസ് പരിശോധിച്ചു.

വാഹനത്തിലുണ്ടായിരുന്നത് തമിഴ്നാട് സ്വദേശികളായ അലക്സ് പാണ്ഡ്യൻ, ഡേവിഡ് പ്രതാപ് സിംഗ്, മുരുകൻ എന്നിവരാണ്. പരസ്പര വിരുദ്ധമായ ഇവരുടെ മൊഴികളിൽ സംശയം തോന്നിയ പൊലീസ് വാഹനം വിശദമായി പരിശോധിച്ചു. വാഹനത്തിൽ ഒരു പെട്ടിയിൽ ഹൃദയം, കരൾ, നാക്ക് തുടങ്ങിയ അവയവങ്ങളുടെ ഭാഗം കണ്ടെത്തി. പൂജക്ക് ശേഷമെത്തിച്ച മനുഷ്യൻറെ അവയവ ഭാഗങ്ങളാണെന്നും വീട്ടിൽ വച്ചാൽ സമ്പത്ത് കൈവരുമെന്നും പറഞ്ഞ് പത്തനംതിട്ട സ്വദേശിയാണിത് കൈമാറിയതെന്ന് വാഹനത്തിനുണ്ടായിരുന്നവർ പറഞ്ഞതോടെ പോലീസും അതിശയിച്ചുപോയി.

ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം ഇവ ഫൊറൻസിക് പരിശോധനക്ക് അയച്ചു. ഉത്തമപാളയം സ്വദേശി ജെയിംസാണ് ഇടനില നിന്നതെന്നും വാഹനത്തിലുണ്ടായിരുന്നവർ പറഞ്ഞു.  പിടിയിലായവരിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് പത്തനംതിട്ട സ്വദേശിയെ കണ്ടെത്താൻ കേരള പോലീസിൻറെ സഹായം തേടി. വണ്ടിപ്പെരിയാറിൽ വച്ചാണിത് കൈമാറിയതെന്ന് വാഹത്തിലുണ്ടായിരുന്നവർ മൊഴി നൽകി. വണ്ടിപ്പെരിയാറിലെത്തി വിവരങ്ങൾ ശേഖരിച്ച ശേഷം ഉത്തമപാളയം പൊലീസ് പത്തനംതിട്ട പുളിക്കീഴ് പോലീസ് കസ്റ്റഡിയിലെടുത്ത പരുമല സ്വദേശി ചെല്ലപ്പനെയും ചോദ്യം ചെയ്തു.

ചെല്ലപ്പൻ കള്ളനോട്ട് കേസിലെ പ്രതിയാണ്. ഇതിനിടെ വാനഹത്തിലുണ്ടായിരുന്നത് മനുഷ്യൻറെ അവയവങ്ങളല്ലെന്ന് ഫോറൻസിക് വിഭാഗത്തിൻറെ പ്രാഥമിക വിവരവുമെത്തി. കൂടുതൽ ചോദ്യം ചെയ്യലിലാണ് പെട്ടിയിലുണ്ടായിരുന്നത് ആടിൻറെ ആന്തരിക അവയവങ്ങളാണെന്ന് പിടിയിലായവർ സമ്മതിച്ചു.  ചെല്ലപ്പനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. അതേസമയം  ഏത് മൃഗത്തിൻറെ അവയവമാണെന്ന് സ്ഥിരീകരിക്കാനുള്ള പരിശോധനകളും നടക്കുന്നുണ്ട്.   എന്തിനാണ് അവയവ ഭാഗങ്ങളുമായി ഇവർ സഞ്ചരിച്ചതെന്ന കാര്യത്തിൽ വ്യക്തത വ്യക്തത വരുത്താൻ കസ്റ്റഡിയിലുള്ളവരെ തമിഴ്നാട്  പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here