കാസർകോട്: കാസർകോട് കറന്തക്കാട് സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് 10 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ ഹമീദിനും പരിക്കേറ്റിട്ടുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല. കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികൾ യാത്ര ചെയ്ത ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതിനിടെ, മൂവാറ്റുപുഴയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ ബൈക്കിടിച്ച് കോളേജ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ആശുപത്രിക്ക് മുന്നിൽ സഹപാഠികൾ പ്രതിഷേധം നടത്തി. അർദ്ധരാത്രി ആയിരുന്നു പ്രതിഷേധം. ബൈക്കിന്റെ അമിത വേഗമാണ് അപകട കാരണം എന്നാരോപിച്ചായിരുന്നു പ്രതിഷേധം. മൂവാറ്റുപുഴ നിര്‍മ്മല കോളേജ് ബി.കോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ വാളകം കുന്നയ്ക്കാല്‍ നമിതയാണ് അപകടത്തില്‍ മരിച്ചത്. നമിതയുടെ കൂടെ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥിനിക്ക് അപകടത്തില്‍ പരിക്കേറ്റു.
നിര്‍മ്മല കോളേജിന് മുന്നിലാണ് അപകടം നടന്നത്. കോളേജ് ജംഗ്ഷനില്‍ റോഡ് മുറിച്ച്കടക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനായ ആന്‍സന്‍ റോയിക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നമിതയുടെ ജീവന്‍ രക്ഷിക്കാനായില്ല.