സ്വർണവും വെള്ളിയുമൊക്കെ ആർക്ക് വേണം…! ; 25 കിലോ തക്കാളിയും 24 കിലോ പച്ചമുളകും എട്ടുകിലോ ഇഞ്ചിയും മോഷ്ടിച്ച് കള്ളൻമാർ

0
134

ലഖ്‌നൗ: കുതിച്ചുയരുന്ന പച്ചക്കറി വില സാധാരണക്കാരുടെ ജീവിതത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. കിലോക്ക് നൂറും ഇരുനൂറും രൂപയുമൊക്കെ കടന്ന് തക്കാളിയുടെയും ഇഞ്ചിയുടേയും വില മുകളിലോട്ട് തന്നെയാണ് പോകുന്നത്. തക്കാളിയുടെ വില കുതിച്ചുയർന്നതോടെ പലയിടത്തും മോഷണം പതിവായിരിക്കുകയാണ്. തക്കാളി മോഷണം തടയാൻ കടയിൽ അംഗരക്ഷകരെ നിയമിച്ച പച്ചക്കറിക്കച്ചവടക്കാരന്റെ വാർത്തയും പുറത്ത് വന്നിരുന്നു.

കഴിഞ്ഞദിവസം ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലെ മാർക്കറ്റിൽ വൻ കവർച്ചയാണ് നടന്നത്. സ്വർണവും വെള്ളിയുമൊക്കെയാണ് മോഷണം പോയതെന്ന് കരുതിയെങ്കിൽ തെറ്റി. രണ്ട് കടകളിൽ നിന്നായി 26 കിലോ തക്കാളി, 25 കിലോ മുളക്, എട്ട് കിലോ ഇഞ്ചി എന്നിവയാണ് കള്ളന്മാർ കൊണ്ടുപോയത്. ഈ തിങ്കളാഴ്ചയാണ് മോഷണം നടന്നതെന്നാണ് പൊലീസ് പറയുന്നത്.കടയുടമകളായ രാംജിയും നൈം ഖാനും കടകളടച്ച് രാത്രി വീട്ടിലേക്ക് പോയി. പിറ്റേന്ന് രാവിലെ കടകൾ തുറന്നപ്പോഴാണ് വലിയ അളവിൽ തക്കാളിയും ഇഞ്ചിയും മുളകും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തുടർന്ന് ഇരുവരും വ്യാഴാഴ്ച പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി രണ്ടുപേരെ അറസ്റ്റ് ചെയ്തു. കംത പ്രസാദ്, മുഹമ്മദ് ഇസ്ലാം എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, സംഭവത്തില്‍ പൊലീസിനെ പരിഹസിച്ച് സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി. സംസ്ഥാനത്ത് തക്കാളി മോഷണം വർധിക്കുന്ന സാഹചര്യത്തിൽ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ (എസ്ടിഎഫ്) പേര് ”സ്‌പെഷ്യൽ ടൊമാറ്റോ ഫോഴ്സ്” എന്ന് മാറ്റണമെന്ന് അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here