ഫ്ലോറിഡയിലെ നെപ്ട്യൂണിൽ ബീച്ച് സന്ദർശിക്കാൻ എത്തിയവർ അസാധാരണമായ ഒരു കാഴ്ച കണ്ട് അമ്പരന്നു. വളരെ വ്യത്യസ്തമായ ഒരു കടൽപ്പായലായിരുന്നു ബീച്ചിൽ അടിഞ്ഞിരുന്നത്. എന്നാൽ, അത്തരം അസാധാരണം എന്ന് തോന്നുന്ന കടൽപ്പായലുകൾ തൊട്ടുപോകരുത് എന്നാണ് ഇവിടുത്തെ ബീച്ച് പൊലീസിന്റെ നിർദ്ദേശം. കാരണം വേറെയൊന്നുമല്ല, അത് കഞ്ചാവാണ് എന്നാണ് പൊലീസ് പറയുന്നത്.
ഏതായാലും, കടപ്പുറത്ത് കഞ്ചാവ് വന്നടിഞ്ഞതോടെ നിരവധിപ്പേരാണ് അത് കൈക്കലാക്കാൻ ആഗ്രഹവും കൊണ്ടെത്തിയത്. എന്നാൽ, പൊലീസ് അത് ഒരുതരത്തിലും എടുക്കുകയോ ഉപയോഗിക്കുകയോ ഒന്നും ചെയ്യരുത് എന്ന് കർശന നിർദ്ദേശം തന്നെ നൽകിയിരിക്കുകയാണ്. ബീച്ച് സന്ദർശനത്തിനെത്തിയ ഒരാളും അമ്മയുമാണ് ആദ്യം ഇത് ശ്രദ്ധിക്കുന്നത് ഒരുതരം കടൽപ്പായലാണ് ഇത് എന്നാണ് അവർ ഇരുവരും കരുതിയിരുന്നത്. എന്നാൽ, താൻ അതെടുത്ത് മണത്ത് നോക്കി എന്നും അതിന് കഞ്ചാവിന്റെ മണമായിരുന്നു എന്നും ബീച്ച് സന്ദർശിക്കാൻ എത്തിയ സാക്ക് വെസ്റ്റ് പറയുന്നു.
ഏതായാലും അത് കടൽപ്പായൽ അല്ല എന്ന തോന്നലുണ്ടായതോടെ അമ്മയും മകനും വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പിന്നാലെ, പൊലീസ് ബീച്ചിൽ എത്തുന്നവരോട് ഈ കഞ്ചാവ് എടുക്കരുത് എന്ന് കർശനമായി നിർദ്ദേശം നൽകുകയായിരുന്നു. സമുദ്രത്തിൽ കിടന്നതിന്റെ ഭാഗമായി അത് നശിക്കാനും അഴുകാനും തുടങ്ങിയിട്ടുണ്ട് എന്നും പറയുന്നു.
ഏതായാലും അധികം വൈകാതെ പൊലീസ് സ്ഥലം കുറച്ച് നേരം അടച്ചിടുകയും അവ വൃത്തിയാക്കാൻ ആരംഭിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിലും ആളുകൾ ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ, ഒരാൾ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഒരു തൊഴിലാളി കടപ്പുറത്ത് നിന്നും കഞ്ചാവ് നീക്കം ചെയ്യുന്നത് കാണാം.