മലപ്പുറം: മഴക്കാലമായതോടെ മലപ്പുറത്ത് മാത്രമല്ല, സംസ്ഥാനത്തുടനീളം വെള്ളം നിറഞ്ഞൊഴുകുന്ന പുഴയിൽ നാട്ടുകാരുടെ ആഘോഷമാണ്. പുഴയിലും കുളത്തിലും ചാടിത്തിമിർക്കുന്ന ദൃശ്യങ്ങൾക്ക് ഇൻസ്റ്റഗ്രാമിൽ ഗംഭീര റീച്ചും കിട്ടുന്നതോടെ ഇതൊരു ഹരമാക്കിയിരിക്കുകയാണ് യുവാക്കൾ, എന്നാൽ കഴിഞ്ഞ ദിവസമാണ് കാളികാവിലെ ഉദിരംപൊയിലിൽ കെട്ടുങ്ങൽ ചിറയിൽ കുളിക്കാനെത്തിയ യുവാക്കൾ പുഴയിൽ ചാടാനായി ചാഞ്ഞ തെങ്ങിൽ കയറിയതും ഉടൻ തന്നെ തെങ്ങ് പൊട്ടിവീണതും.
ഭാഗ്യം കൊണ്ടാണ് ഈ യുവാക്കൾ അന്ന് കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. എന്നാൽ ഈ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. കരുളായി സ്വദേശികളായ യുവാക്കളാണ് അന്ന് അപകടത്തിൽപ്പെട്ടത്. ഇവരെ കാളികാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും കാര്യമായ പരിക്കുകളില്ല.
എന്നാൽ ഈ നാട്ടുകാർക്ക് പറയാനുള്ളത് സൂക്ഷിക്കണം എന്ന വാക്ക് മാത്രമാണ്. കാലങ്ങളായി ഈ കല്ലമ്പുഴയിൽ കുളിക്കുന്നവരാണ് ഇവർ. പുഴയിലേക്ക് ചാഞ്ഞ് നിൽക്കുന്ന തെങ്ങിന് മുകളിൽ നിന്നുള്ള ചാട്ടവും ഇവർക്ക് പതിവാണ്. മഴക്കാലമായാൽ എല്ലാവരും ഇങ്ങനെ ചാടിത്തിമിർക്കാറുണ്ട്. പൊതുവെ ഉദിരംപൊയിലിലെ നാട്ടുകാർ മാത്രമാണ് ഇവിടേക്ക് കുളിക്കാൻ വരാറുള്ളത്.
ഏറെക്കുറെ എല്ലാവർക്കും നീന്താനും അറിയാം. വെള്ളം നിറഞ്ഞൊഴുകുന്ന സമയത്ത് സുരക്ഷ മുൻ നിർത്തി ഇവർ വെള്ളത്തിലങ്ങാറില്ല. എന്നാൽ കുത്തൊഴുക്ക് നിലച്ചാൽ ഇവർ ട്യൂബും കൊണ്ട് കുളിക്കാനിറങ്ങും. തെങ്ങിൽ മുകളിൽ കയറിയുള്ള ചാട്ടവും ഇവർക്ക് പതിവാണ് നാട്ടുകാർ പറയുന്നു. എത്രയോ തവണ കേറി ചാടിയ തെങ്ങാണ് കഴിഞ്ഞ ദിവസം പൊട്ടിവീണത്. കാലപ്പഴക്കം കൊണ്ടോ കൂടുതൽ ഭാരം കാരണമോ ആവാം തെങ്ങ് പൊട്ടിയതെന്നാണ് നാട്ടുകാരുടെ അഭിപ്രായം. എന്തായാലും ആഘോഷങ്ങൾക്കൊപ്പം ഒന്ന് ശ്രദ്ധിക്കണമെന്നാണ് ഈ നാട്ടുകാർക്ക് പറയാനുള്ളത്.