റെയില്‍വേ അടിപ്പാതകളിലെ വെള്ളക്കെട്ട്: തിരിഞ്ഞു നോക്കാതെ റെയിൽവേ അധികൃതർ, ദുരിതം പേറി നാട്ടുകാർ

0
134

കാസര്‍കോട്: സംസ്ഥാന സര്‍ക്കാര്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഏകദേശം 10 കോടിയിലേറെ രൂപ റെയില്‍വേയ്ക്ക് കൈമാറി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വിവിധ പ്രദേശങ്ങളിലെ മൂന്ന് റെയില്‍വേ അണ്ടര്‍ പാസേജുകള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടിട്ടും തിരിഞ്ഞു നോക്കാതെയുള്ള റെയില്‍വേ അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധമുയരുന്നു.

ആരിക്കാടി, കുമ്പള, മൊഗ്രാല്‍ പ്രദേശങ്ങളിലെ പടിഞ്ഞാര്‍ തീരദേശ മേഖലയിലെ യാത്രാ ക്ലേശത്തിന് പരിഹാരമെന്നോണം റെയില്‍വേ നിര്‍മ്മിച്ച അണ്ടര്‍ പാസേജുകളാണ് ശക്തമായ മഴയില്‍ നാട്ടുകാരുടെ വഴിമുട്ടിച്ചിരിക്കുന്നത്. ആരിക്കാടി അണ്ടര്‍ പാസേജ് ആറു വര്‍ഷം മുമ്പാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി നാട്ടുകാര്‍ക്ക് തുറന്നു കൊടുത്തത്. കുമ്പളയിലേത് നാലുവര്‍ഷം മുമ്പ് നിര്‍മ്മിച്ചതാണ്. മൊഗ്രാല്‍ കൊപ്പളത്ത് അണ്ടര്‍ പാസേജ് ഈ വര്‍ഷം ആദ്യമാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി തുറന്നുകൊടുത്തത്. റെയില്‍വേ അധികൃതര്‍ കരാറുകാരെ ഏല്‍പ്പിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കി കൊടുക്കുക മാത്രമാണ് ചെയ്യുന്നതെന്ന ആക്ഷേപമുണ്ട്. നിര്‍മ്മിക്കുന്നതാകട്ടെ അശാസ്ത്രീയമായ രീതിയിലുമെന്നാണ് ആക്ഷേപം. വെള്ളക്കെട്ട് ഒഴിവാക്കാന്‍ യാതൊരു സംവിധാനവും നിര്‍മ്മാണ സമയത്ത് ഉണ്ടാക്കിയിട്ടില്ലെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. തട്ടിക്കൂട്ടി ഉണ്ടാക്കുന്ന ഓവുചാലുകളിലൂടെ വെള്ളം പോകുന്നുമില്ല. ഇത് വലിയ തോതിലുള്ള വെള്ളക്കെട്ടിന് കാരണമാവുന്നു. പൂര്‍ത്തിയാക്കിയ കരാര്‍ കമ്പനിയാകട്ടെ ഈ വിഷയത്തില്‍ കൈമലര്‍ത്തുന്നുമുണ്ട്. വെള്ളക്കെട്ട് വര്‍ഷാവര്‍ഷം റെയില്‍വേ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെങ്കിലും ശാശ്വത പരിഹാരത്തിനായി ശ്രമിക്കുന്നില്ലെന്ന ആക്ഷേപവും നാട്ടുകാര്‍ക്കുണ്ട്. അണ്ടര്‍ പാസേജ് റെയില്‍വേ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലായതിനാല്‍ ത്രിതല പഞ്ചായത്ത് സംവിധാനത്തിന് ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. വെള്ളക്കെട്ട് ഒഴിവാക്കാന്‍ പഞ്ചായത്ത് അധികൃതരും നാട്ടുകാരും വാര്‍ഡ് മെമ്പര്‍മാരും ചേര്‍ന്ന് എല്ലാ മഴക്കാലത്തും മോട്ടോര്‍ വെച്ച് വെള്ളം ഒഴുക്കി വിടാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും ശക്തമായ മഴ ഇതിന് പരിഹാരമാവുന്നുമില്ല.

ആരിക്കാടിയില്‍ എല്‍.പി, യു.പി സ്‌കൂളുകളും പോസ്റ്റ് ഓഫീസ്, പള്ളി, മദ്രസകളൊക്കെ സ്ഥിതിചെയ്യുന്നത് പടിഞ്ഞാറ് പ്രദേശത്താണ്. അണ്ടര്‍ പാസേജ് ‘കുളമായി’ മാറിയതോടെ വലിയതോതിലുള്ള യാത്രാദുരിതമാണ് പ്രദേശവാസികള്‍ നേരിടുന്നത്. കുമ്പള കോയിപ്പാടി പ്രദേശവാസികളും മൊഗ്രാല്‍ കൊപ്പളം പ്രദേശവാസികളും സമാനമായ ദുരിതത്തിലാണ്. വെള്ളക്കെട്ട് കാരണം വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ റെയില്‍പ്പാളം മുറിച്ചു കടക്കേണ്ടി വരുന്നത് രക്ഷിതാക്കളില്‍ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇരുചക്ര വാഹന യാത്രക്കാരും വലിയ ദുരിതത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here