ഏക സിവിൽ കോഡ്: ഒറ്റക്കെട്ടായി എതിർത്ത് മുസ്ലിം കോർഡിനേഷൻ കമ്മിറ്റി സെമിനാർ, സിപിഎമ്മിനെ ഉന്നംവച്ച് കോൺഗ്രസ്

0
167

കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെ ഒരേ മനസോടെ എതിർത്ത് മതനേതാക്കളും രാഷ്ട്രീയ കക്ഷികളും. മുസ്ലിം കോർഡിനേഷൻ കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച യോഗത്തിൽ സിപിഎം ജില്ലാ കമ്മിറ്റിയംഗം കെടി കുഞ്ഞിക്കണ്ണനടക്കം പങ്കെടുത്തു. യോഗത്തിൽ കോൺഗ്രസിനെ നിലപാടിലെ അവ്യക്തതയെ വിമർശിക്കുന്ന സിപിഎമ്മിനെ ഉന്നമിട്ടായിരുന്നു കോൺഗ്രസ് പ്രതിനിധി വിടി ബൽറാമിന്റെ വിമർശനം.

ഏകീകൃത സിവിൽ കോഡ് ഏതെങ്കിലും മതത്തെ മാത്രം ബാധിക്കുന്നതല്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വിമർശിച്ചു. ബഹുസ്വരത അപകടപ്പെട്ടാൽ ദേശീയത തന്നെ അപകടത്തിലാകും. ഒറ്റക്കെട്ടായി ഏകീകൃത സിവിൽ കോഡിനെ എതിർക്കുകയെന്നതാണ് പൗരന്റെ കടമ. പലരെയും പല വിധത്തിൽ ഏകീകൃത സിവിൽ കോഡ് എന്ന അപകടം ബാധിക്കും. സിവിൽ കോഡ് നടപ്പാക്കുമെന്ന പ്രഖ്യാപനം ഇന്ത്യയെ ഒന്നിപ്പിച്ചിരിക്കുകയാണ്. സ്വാതന്ത്ര്യ സമരത്തിന് ശേഷം ജനങ്ങൾ ഒറ്റക്കെട്ടായി പ്രതികരിക്കുന്ന സംഭവമായി ഈ വിഷയം മാറി. ഈ ഐക്യം വേദിയിൽ മാത്രം ഒതുക്കാതെ എല്ലായിടത്തേക്കും വ്യാപിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ മാ സുബ്രഹ്മണ്യം സിവിൽ കോഡിനെതിരായ പോരാട്ടത്തിന് ഡിഎംകെയുടെ പൂർണ പിന്തുണ വാഗ്ദാനം ചെയ്തു. ഏകീകൃത സിവിൽ കോഡ് ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വമെന്ന സ്വഭാവവും നമ്മൾ പിന്തുടരുന്ന പാരമ്പര്യവും ഇല്ലാതാക്കും. മത സൗഹാർദത്തെ ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ ഒരു ഭാഗത്തു സംഘടിത ശക്തി ഉണ്ടായാൽ ഏകാധിപത്യ പ്രവണത ഇല്ലാതാക്കാൻ പറ്റില്ലെന്നൊക്കെ അറിയാമെന്ന ബോധ്യത്തോടെയാണ് ഏകീകൃത സിവിൽ കോഡിനെതിരായ പോരാട്ടവുമായി മുന്നോട്ട് പോകുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ബെംഗളൂരുവിൽ പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ ശ്രമിക്കുന്നത് ഏകാധിപത്യം ഇല്ലാതാക്കാനാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സിവിൽ കോഡ് സംബന്ധിച്ച പരാമർശം ഒരു വിഭാഗത്തിന് മാത്രമല്ല, പല വിഭാഗത്തിൽ നിന്നും എതിർപ്പുണ്ടാക്കി. ബംഗളുരുവിൽ പ്രതിപക്ഷ പാർട്ടികൾ നടത്തിയ കൂട്ടായ്മക്ക് ജനവിധി അനുകൂലമാകുമെന്നും അതോടെ ഈ ഏകധിപത്യ നീക്കം അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന തലത്തിലെ പ്രശ്നങ്ങൾ ഒക്കെ പലതായിരിക്കാമെങ്കിലും ദേശീയ തലത്തിലെ ഏകാധിപത്യ പ്രവണതക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണം.

രാജ്യത്തിന്റെ സംസ്കാരം, ഭരണഘടന ഇതിലൊക്കെ ആര് കോടാലി വെച്ചാലും ജനങ്ങൾ ഒന്നിച്ചു നിൽക്കുമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. അതാണ് മണിപ്പൂർ വിഷയത്തിൽ കണ്ടത്. പാർലമെന്റിൽ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചതാണ് മണിപ്പൂർ വിഷയം കൊണ്ട് ഉണ്ടായ ഗുണം. രാജ്യത്ത് വിവിധ സംസ്കാരവും ആചാരവും ഉള്ളവർ ജീവിക്കുന്നുണ്ട്. ഓരോരുത്തർക്കും അവരുടെ മതം വലുതായിരിക്കും. വിശ്വാസം അനുസരിച്ചു ജീവിക്കാൻ സാധിക്കണം. അതിനു തുരങ്കം വെക്കുന്ന നിയമം കൊണ്ടുവന്നാൽ രാജ്യത്തുണ്ടാകുന്ന ഐക്യം നഷ്ടപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോഴത്തെ ദേശീയ തലത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ പാർട്ടികൾ ഭിന്നിച്ചു നിന്നാൽ ചരിത്രം നമ്മളെ സങ്കുചിത വാദികൾ എന്ന് വിലയിരുത്തുമെന്നായിരുന്നു സിപിഎം ജില്ലാ കമ്മിറ്റിയംഗം കെടി കുഞ്ഞിക്കണ്ണന്റെ പ്രതികരണം. അതിനാൽ ഏകീകൃത സിവിൽ കോഡിനെതിരെ ഒന്നിച്ച് നിന്ന് പോരാടണമെന്നും അദ്ദേഹം പറഞ്ഞു.

ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിന് ക്ലാരിറ്റിയില്ലെന്ന തെറ്റായ വാദം ബോധപൂർവം പ്രചരിപ്പിക്കുന്നുണ്ടെന്നും അതിൽ വ്യക്തമായ അഭിപ്രായം ദേശീയ നേതൃത്വം പറഞ്ഞിട്ടുണ്ടെന്നും വിടി ബൽറാം പറഞ്ഞു. സിപിഎമ്മിനെതിരായ ഒളിയമ്പായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. പാർലമെന്ററിനകത്തും ആവശ്യമെങ്കിൽ തെരുവുകളിലും ഒറ്റക്കെട്ടായി സിവിൽ കോഡിനെതിരെ കോൺഗ്രസിലെ എല്ലാവരും ഉണ്ടാകും. ഏകീകൃത സിവിൽ കോഡ് എന്ന പേരിട്ട് മുസ്ലിം വിരുദ്ധ സിവിൽ കോഡിനാണ് ശ്രമം. അടുത്ത തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താഴെയിറക്കിയാൽ മാത്രമേ ഏകീകൃത സിവിൽ കോഡ് വരാതിരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here