മംഗളൂരു: തുളു കർണാടകയുടെ രണ്ടാം ഔദ്യോഗിക ഭാഷയാക്കണമെന്ന ആവശ്യം കഴിഞ്ഞദിവസം നിയമസഭയിൽ ഉയർന്നിരുന്നു. ദക്ഷിണ കന്നട ജില്ലയിലെ പുത്തൂർ മണ്ഡലത്തിൽനിന്നുള്ള കോൺഗ്രസ് എം.എൽ.എ അശോക് കുമാർ റൈയാണ് ചൊവ്വാഴ്ച നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലിലൂടെ ഈ ആവശ്യം ഉന്നയിച്ചത്. തുളുവില്‍ സംസാരിച്ചാണ് അശോക് കുമാർ റൈ ഈ വിഷയം ഉന്നയിച്ചത്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട സാംസ്കാരിക മന്ത്രി മറുപടി നൽകുമെന്ന് മംഗളൂരു എം.എൽ.എ കൂടിയായ സ്പീക്കർ യു.ടി. ഖാദർ മറുപടി നൽകി. സ്പീക്കറും സംസാരിച്ചത് തുളുവിലായിരുന്നു. എന്നാൽ തുളു ഭാഷ അറിയാത്ത സാംസ്കാരിക മന്ത്രി ശിവരാജ് തൻഗഡി ഇവർ രണ്ടുപേരും പറഞ്ഞത് എന്താണെന്ന് മനസിലാകാതെ കുഴങ്ങുകയും ചെയ്തു.
എന്നാൽ തുളുവിലുള്ള സംസാരം സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് മനസ്സിലാവാത്തതിനാൽ സഭാ രേഖയിലുണ്ടാവില്ലെന്നും ഈ ഭാഷ വശമില്ലാത്ത മന്ത്രിക്ക് മറുപടി സാധ്യമാവില്ലെന്നും ചൂണ്ടിക്കാട്ടി രാജാജി നഗർ മണ്ഡലത്തിൽനിന്നുള്ള ബി.ജെ.പി അംഗം മുൻ മന്ത്രി എസ്. സുരേഷ് കുമാർ വിയോജിപ്പ് പ്രകടിപ്പിച്ചു. ഇതോടെ സ്പീക്കറും എം.എൽ.എ അശോക് കുമാർ റൈ ഇക്കാര്യം അംഗീകരിച്ചു.
കോടിയിലേറെ ജനങ്ങളുടെ സംസാര ഭാഷയാണ് തുളു എന്ന് അശോക് റൈ ശ്രദ്ധക്ഷണിക്കലിൽ ചൂണ്ടിക്കാട്ടി. 1994 മുതൽ കർണാടക സർക്കാറിന്റെ കീഴിൽ തുളു അക്കാദമി പ്രവർത്തിക്കുന്നുണ്ട്. കാസർകോട് കേന്ദ്രീകരിച്ച് കേരളത്തിലും തുളു അക്കാദമി നിലവിലുണ്ടെന്ന് റൈ പറഞ്ഞു. ബന്ധപ്പെട്ട വകുപ്പുമായി ആലോചിച്ച് നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പു നൽകി. മംഗളൂരു സൗത്ത് മണ്ഡലം ബി.ജെ.പി എം.എൽ.എ വേദവ്യാസ് കാമത്ത് തുളുവിന് രണ്ടാം ഔദ്യോഗിക ഭാഷ പദവി എന്ന ആവശ്യത്തിന് പിന്തുണ നൽകുകയും ചെയ്തു.
ബ്രിട്ടീഷ് ഭരണത്തിൽ മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന കാസർകോട്, ദക്ഷിണ കന്നട ഉഡുപ്പി ഉൾപ്പെട്ട അവിഭക്ത ദക്ഷിണ കനറ മേഖലയിലെ സംസാര ഭാഷയാണ് തുളു. ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിലും കാസർകോടിന്റെ വടക്കൻ ഭാഗങ്ങളിലും ചിക്കമഗളൂരുവിന്റെ ചില പ്രദേശങ്ങളിലും ഈ ഭാഷ സംസാരിക്കുന്നവർ ഏറെയാണ്. തുളു സംസാരിക്കുകയും എഴുതാനും വായിക്കാനും കന്നട ഉപയോഗിക്കുകയും ചെയ്യുന്നതാണ് രീതി. ലിപി ഇല്ല എന്ന വാദമായിരുന്നു വരമൊഴിയിൽനിന്ന് തുളു തഴയപ്പെടാൻ കാരണം. എന്നാൽ, കാസർകോട് മുള്ളേരിയ സ്വദേശി ഡോ. വെങ്കിടരാജ പുണിഞ്ചിത്തായ താളിയോല ഗ്രന്ഥങ്ങൾ പരതി തുളു ലിപി കണ്ടെത്തി അവതരിപ്പിച്ചതോടെ മറുവാദങ്ങൾ പൊളിയുകയായിരുന്നു. കേരള തുളു അക്കാദമി സ്ഥാപക പ്രസിഡന്റായിരുന്ന പുണിഞ്ചിത്തായ 2012ൽ അന്തരിച്ചു. മലയാളം ലിപിയുമായി ഏറെ സാദൃശ്യമുള്ള തുളു അക്ഷരങ്ങൾ തുളുനാട്ടിൽ അക്കാദമിയുടെ ആഭിമുഖ്യത്തിൽ പഠിപ്പിക്കുന്നുണ്ട്.