രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന രണ്ടായിരം കിലോഗ്രാം തക്കാളിയുമായി ദമ്പതികൾ പിടിയിൽ. കര്‍ണാടകയില്‍ ആണ് സംഭവം. ബംഗളൂരുവിനടുത്തുള്ള ചിക്കജലയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചിത്രദുര്‍ഗ ജില്ലയ്ക്കടുത്തുള്ള ഹിരിയൂര്‍ ടൗണില്‍ നിന്നും തക്കാളി, കോലാര്‍ മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്ക് കൊണ്ടുപോകുകയായിരുന്നു കര്‍ഷകന്‍. വഴിയില്‍ വച്ച് കര്‍ഷകനെ ഭീഷണിപ്പെടുത്തിയ പ്രതികള്‍ രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന രണ്ടായിരം കിലോഗ്രാം തക്കാളിയുമായാണ് കടന്നുകളഞ്ഞത്.
ഭാസ്‌കര്‍, ഭാര്യ സിന്ധുജ എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. മറ്റ് പ്രതികളായ റോക്കി, കുമാര്‍, മഹേഷ് എന്നിവര്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. തക്കാളി വണ്ടി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അക്രമി സംഘം വാഹനം പിന്തുടര്‍ന്നു. തങ്ങളുടെ വാഹനം ഇടിച്ചെന്ന് ആരോപിച്ച് കര്‍ഷകനോടും ഡ്രൈവറോടും ഇവര്‍ പണം ആവശ്യപ്പെടുകയും ഓണ്‍ലൈനായി പണം ഇടാക്കുകയും ചെയ്തു. പിന്നാലെയാണ് പ്രതികള്‍ വാഹനത്തിനുള്ളില്‍ കയറിപ്പറ്റുകയും കര്‍ഷകനെ ബലം പ്രയോഗിച്ച് പുറത്തേക്ക് തള്ളി തക്കാളിയുടെ കടന്നുകളഞ്ഞതും. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്. തക്കാളി വിറ്റ ശേഷം പ്രതികള്‍ വാഹനം ഉപേക്ഷിച്ച് നമ്പര്‍ പ്ലേറ്റില്ലാത്ത മറ്റൊരു വാഹനത്തില്‍ കയറി രക്ഷപെടുകയായിരുന്നു. മോഷണം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ദമ്പതികള്‍ക്കെതിരെ കേസെടുത്തത്.